രണ്ട് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ നജിബുള്‍ ബിശ്വാസ് (29), സര്‍ഗാന്‍ ഇസ്ലാം (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്

Update: 2022-06-04 12:15 GMT

കൊച്ചി: രണ്ട് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ നജിബുള്‍ ബിശ്വാസ് (29), സര്‍ഗാന്‍ ഇസ്ലാം (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്.

ഒന്നാം തീയതി പുലര്‍ച്ചെ മാറമ്പിള്ളിയിലെ മൊബൈല്‍ ഫോണ്‍ ഷോറൂമിലാണ് ഇവര്‍ മോഷണം നടത്തിയത്. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണമുതലുകളുമായി നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്.

പകല്‍ ബൈക്കിലെത്തി കടയും പരിസരവും കണ്ട് വച്ച ശേഷം പുലര്‍ച്ചെ മോഷണം നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.നജിബുള്‍ ബിശ്വാസ് മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.എഎസ്പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്, എസ്‌ഐമാരായ ജോസി എം ജോണ്‍സന്‍, വി രാജേന്ദ്രന്‍ എ എസ് ഐ അബ്ദുള്‍ സത്താര്‍, എസ്‌സിപി ഒമാരായ പി എ അബ്ദുള്‍ മനാഫ്, എ ഐ നാദിര്‍ഷ, എം പി സുബൈര്‍, ജീമോന്‍ കെ പിള്ള തുടങ്ങിയവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.

Tags:    

Similar News