റെയില്‍വേ ട്രാക്കുകള്‍ ഉറപ്പിക്കാനുള്ള സിഎസ്ടി-9 പ്ലേറ്റ് മോഷണം: അഞ്ചംഗ സംഘം പിടിയില്‍
തമ്മനം റെയില്‍വേ കോളനിയില്‍ താമസിക്കുന്ന റസാഖ് (48), പറവൂര്‍ സ്വദേശി ധനേഷ് (46), തമ്മനം കൂത്താപ്പാടി സ്വദേശി നാസര്‍ (48), തമ്മനം സ്വദേശി സലാം (33), തമ്മനം സ്വദേശി ജമാല്‍ (42) എന്നിവരെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. കതൃക്കടവ് റെയില്‍വേ യാര്‍ഡിലെ രണ്ട് ലക്ഷം രൂപ വില വരുന്ന സി.എസ്.ടി-9 പ്ലേറ്റുകളാണ് മോഷ്ടിച്ചത്
കൊച്ചി: റെയില്‍വേ ട്രാക്കുകള്‍ ഉറപ്പിക്കാനുള്ള സിഎസ്ടി-9 പ്ലേറ്റുകള്‍ മോഷ്ടിച്ചു വിറ്റ കേസില്‍ അഞ്ചു പേര്‍ പിടിയില്‍. തമ്മനം സ്വദേശി റസാഖ് (48), പറവൂര്‍ സ്വദേശി ധനേഷ് (46), തമ്മനം സ്വദേശി നാസര്‍ (48), സലാം (33), ജമാല്‍ (42) എന്നിവരെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. കതൃക്കടവ് റെയില്‍വേ യാര്‍ഡിലെ രണ്ട് ലക്ഷം രൂപ വില വരുന്ന സി.എസ്.ടി-9 പ്ലേറ്റുകളാണ് മോഷ്ടിച്ചത്. അഞ്ചാം പ്രതി ജമാല്‍ നടത്തിയിരുന്ന ആക്രികടയിലാണ് റസാഖ്, ധനേഷ്, നാസര്‍, സലാം എന്നിവര്‍ മോഷ്ടിച്ച സി.എസ്.ടി-9 പ്ലേറ്റുകള്‍ വിറ്റിരുന്നത്.
ആക്രിക്കട നടത്തിയിരുന്ന മറ്റൊരു പ്രതിയായ ഹസ്സനാര്‍ (40) ഒളിവിലാണ്. ഇയാള്‍ 2019ല്‍ റെയില്‍വെ സിഗ്നലിങ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് വീണ്ടും മോഷണത്തിന് നേതൃത്വം നല്‍കിയത്. കളമശ്ശേരിയിലെ ആക്രികടയില്‍ നിന്ന് 1.98 ലക്ഷം രൂപ കണ്ടെത്തി. സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച മിനിലോറിയും പിടികൂടിയിട്ടുണ്ട്. കതൃക്കടവ് റെയില്‍വേ യാര്‍ഡിലെ 451 സി.എസ്.ടി-9 പ്ലേറ്റുകള്‍ മോഷണം പോയതായി റെയില്‍വേ പരാതി നല്‍കിയിരുന്നു. ആര്‍പിഎഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എസ് ഗോപകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ വിനോദ് ജി നായര്‍, എ കെ പ്രിന്‍സ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എ വി അജയഘോഷ്, എ എസ് ഐ കെ.ബി ഷാജി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഫിലിപ്പ് ജോണ്‍, വി എ ജോര്‍ജ്, സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. എറണാകുളം ചീഫ് ജുഷീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.