കൊവിഡ്-19 : 'ഹാപ്പി @ ഹോം' ; നിരീക്ഷണത്തിന് മൊബൈല്‍ ആപ്പുമായി പോലിസ്

ഹോം കെയറില്‍ കഴിയുന്നവരെയും പോലിസിനേയും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്ന് ആപ്പ് രൂപകല്‍പ്പന ചെയ്ത ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഈ ആപ്പ് രജിസ്റ്റര്‍ചെയ്യുന്നത്. പ്രസ്തുത മൊബൈല്‍ നമ്പറിലേക്ക് 4 അക്ക ഒടിപി അയയ്ക്കുകയും, അത് ഉപയോഗിച്ച് അപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാനും സാധിക്കും.ഹോം കെയറില്‍ കഴിയുന്നവരുടെ ദൈനംദിന ആരോഗ്യാവസ്ഥ ആപ്പ് വഴി അറിയാന്‍ കഴിയും

Update: 2020-04-04 03:58 GMT

കൊച്ചി: കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹോം കെയറില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയുന്നതിനും അവരെ നിരീക്ഷിക്കുന്നതിനുമായി എറണാകുളം റൂറല്‍ ജില്ലാ പോലിസ് പുതിയ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്നു.ഹാപ്പി @ ഹോം എന്ന പേര് നല്‍കിയിരിക്കുന്ന ഈ ആപ്പ് ഹോം കെയറില്‍ കഴിയുന്നവരെയും പോലിസിനേയും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്ന് ആപ്പ് രൂപകല്‍പ്പന ചെയ്ത ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഈ ആപ്പ് രജിസ്റ്റര്‍ചെയ്യുന്നത്. പ്രസ്തുത മൊബൈല്‍ നമ്പറിലേക്ക് 4 അക്ക ഒടിപി അയയ്ക്കുകയും, അത് ഉപയോഗിച്ച് അപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാനും സാധിക്കും.ഹോം കെയറില്‍ കഴിയുന്നവരുടെ ദൈനംദിന ആരോഗ്യാവസ്ഥ ആപ്പ് വഴി അറിയാന്‍ കഴിയും. ഇവര്‍ക്ക് അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ സൗകര്യം ലഭ്യമാക്കും. എത്ര ദിവസം ഹോം കെയറില്‍ കഴിഞ്ഞു എന്നും, ഇനി എത്ര ദിവസം കൂടി കഴിയേണ്ടി വരുമെന്നും ഇതിലൂടെ അറിയാന്‍ സാധിക്കും. പെട്ടെന്ന് സഹായം ആവശ്യമായി വന്നാല്‍ എസ്എംഎസ് മെസേജ് അയക്കാനും കഴിയും. ബന്ധപ്പെട്ട സ്റ്റേഷന്‍ വഴി നടപടിയും പരിഹാരവും ഉണ്ടാക്കും. ആപ്പ് വഴി ഹോം കെയറില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ അറിയാന്‍ സാധിക്കും. ഇതു വഴി ഇവരെ കണ്ടെത്തി സഹായിക്കാന്‍ കഴിയും.

റിസല്‍ട്ട് പോസിറ്റീവ് ആകുന്നവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും ഇവരുടെ മുന്‍ യാത്രകള്‍ മനസിലാക്കുന്നതിനും ഉപകരിക്കും. പോലിസ്,ദിശ, ജെഎച്ച്ഒ , മെന്റല്‍ കൗണ്‍സില്‍,ഭക്ഷണ വിതരണം,കൊറോണ കണ്‍ട്രോള്‍ എന്നിവയുടെ ടെലഫോണ്‍ നമ്പറുകളും ഇതില്‍ ലഭ്യമാണ്. ഹോം കെയറില്‍ കഴിയുന്നവര്‍ക്ക് ഏത് സേവനമാണോ വേണ്ടത് അത് തിരഞ്ഞെടുക്കാം. പോലിസുദ്യോഗസ്ഥര്‍ക്കും പേജിലേക്ക് മെസേജ് അയക്കാം.പ്രധാന അറിയിപ്പുകളും ആപ്പ് വഴി ലഭ്യമാകും . പ്ലേ സ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ആപ്പ് പരിശോധിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ജില്ലാ പോലിസ് ആസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു.സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരായ ഡിപിന്‍ കെ ദാസ്, ജിംഗിള്‍ ഏലിയാസ്, പി ജി മോഹന്‍ദാസ് എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലാ പോലിസ് മേധാവി ഈ ആപ്പ് നിര്‍മിച്ചത്. 

Tags:    

Similar News