ജാമ്യം നേടിയ ശേഷം വീണ്ടും കുറ്റകൃത്യം; രണ്ടു പേരുടെ കൂടി ജാമ്യം റദ്ദാക്കി എറണാകുളം റൂറല്‍ പോലിസ്
ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശേരി, നോര്‍ത്ത് പറവൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ കേസുകളുള്ള നോര്‍ത്ത് പറവുര്‍ കോട്ടുവള്ളി സ്വദേശി അനൂപ് (പൊക്കന്‍ അനൂപ് 31), മന്നം കെഎസ്ഇബിയ്ക്ക് സമീപം ശ്യാംലാല്‍ (ലാലന്‍ 30) എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്
കൊച്ചി: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട രണ്ട് പേരുടെ കൂടി ജാമ്യം കൂടി റദ്ദാക്കി. ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശേരി, നോര്‍ത്ത് പറവൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ കേസുകളുള്ള നോര്‍ത്ത് പറവുര്‍ കോട്ടുവള്ളി സ്വദേശി അനൂപ് (പൊക്കന്‍ അനൂപ് 31), മന്നം കെഎസ്ഇബിയ്ക്ക് സമീപം ശ്യാംലാല്‍ (ലാലന്‍ 30) എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. എറണാകുളം റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വധശ്രമം, കവര്‍ച്ച, ദേഹോപദ്രവം, ആയുധം കൈവശം വയ്ക്കല്‍, സ്‌ഫോടക വസ്തു ഉപയോഗിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് അനൂപ് എന്ന് പോലിസ് പറഞ്ഞു. തത്തപ്പിള്ളിയില്‍ മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച കേസിലും, നെടുമ്പാശേരിയില്‍ ചീട്ടുകളി സംഘത്തെ ആക്രമിച്ച് പണം കവര്‍ന്ന കേസിലും പ്രധാന പ്രതിയാണ്. മാഞ്ഞാലി മാട്ടുപുറത്ത് വീട്ടില്‍ക്കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രധാന പ്രതികളില്‍ ഒരാളുമാണെന്നും പോലിസ് പറഞ്ഞു.
നോര്‍ത്ത് പറവൂര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, ദേഹോപദ്രവം, വീടുകയറി ആക്രമണം എന്നീ കേസുകളില്‍ പ്രതിയാണ് ശ്യാംലാല്‍ എന്ന് പോലിസ് പറഞ്ഞു. ജില്ലയില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും, പൊതുജനസമാധാന ലംഘനം നടത്തുകയും, നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുടെ മുന്‍കാല കേസുകളുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പരിശോധിച്ചു വരികയാണെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.നിലവില്‍ 64 പേരുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ട് കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടി ഉണ്ടാകുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.