സ്‌കൂള്‍ തുറക്കല്‍: സജ്ജീകരണങ്ങളുമായി എറണാകളം റൂറല്‍ പോലിസ്
മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള സ്‌കൂളുകള്‍ക്ക് മുമ്പില്‍ രാവിലെയും വൈകിട്ടും പോലീസ് സംവിധാനം ഉണ്ടാകും. പിങ്ക് പോലിസും, പ്രത്യേക ബൈക്ക് പട്രോളിംഗ് യൂനിറ്റും നിരത്തിലുണ്ടാകുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു
കൊച്ചി: സ്‌ക്കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് സജ്ജീകരണങ്ങളുമായി എറണാകുളം റൂറല്‍ ജില്ലാ പോലിസ്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കൂടുതല്‍ പോലിസിനെ നിയോഗിക്കും. മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള സ്‌കൂളുകള്‍ക്ക് മുമ്പില്‍ രാവിലെയും വൈകിട്ടും പോലീസ് സംവിധാനം ഉണ്ടാകും. പിങ്ക് പോലിസും, പ്രത്യേക ബൈക്ക് പട്രോളിംഗ് യൂനിറ്റും നിരത്തിലുണ്ടാകുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.
ബസ് സ്റ്റാന്റുകളിലും പോലിസ് സാന്നിധ്യമുണ്ടാകും. സ്‌ക്കൂള്‍ വാഹനങ്ങളിലും വിദ്യാര്‍ഥികള്‍ കയറുന്ന മറ്റു വാഹനങ്ങളിലും പരിശോധന നടത്തും. പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സ്‌ക്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂളിന് സമീപമുള്ള കടകളില്‍ പരിശോധന നടത്തി പുകയില ഉല്‍പ്പന്നങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഹാനികരമായ വസ്തുക്കളും വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തും. വില്‍പ്പനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
എല്ലാ സ്‌ക്കൂളകളിലും രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ ക്ലാസ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു. സൈബര്‍, ജെ ജെ, പോക്‌സോ, ട്രാഫിക്ക് തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസ്. സ്‌ക്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്‌റ്റേഷന്‍ പരിധിയിലും അധ്യാപക,രക്ഷാകര്‍തൃ പ്രതിനിധികളുമായി പോലിസ് മീറ്റിംഗും നടത്തിയിരുന്നുവെന്നും എസ് പി പറഞ്ഞു.