എറണാകുളത്ത് വീണ്ടും ഷിഗെല്ല;ഇന്ന് രോഗം സ്ഥിരീകരിച്ചത് കറുകുറ്റിയില്‍

11 വയസുള്ള കറുകുറ്റി സ്വദേശിനിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കറുകുറ്റി സ്വദേശിനിയെയും കുട്ടിയുടെ ഇരട്ട സഹോദരിയെയും ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ജനുവരി 21 ന് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കായി പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കുട്ടികളില്‍ ഒരാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്

Update: 2021-01-28 13:59 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു.11 വയസുള്ള കറുകുറ്റി സ്വദേശിനിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കറുകുറ്റി സ്വദേശിനിയെയും കുട്ടിയുടെ ഇരട്ട സഹോദരിയെയും ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ജനുവരി 21 ന് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കായി പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കുട്ടികളില്‍ ഒരാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്.

കുട്ടികള്‍ പുറത്ത് നിന്ന് കഴിച്ച ഐസ്‌ക്രീമില്‍ നിന്നായിരിക്കാം ഷിഗെല്ല രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. നാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രദേശത്തും സമീപ പ്രദേശങ്ങളിലും വയറിളക്ക രോഗനിരീക്ഷണവും പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.

പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിക്കുകയും, ആരോഗ്യ വകുപ്പും, തദ്ദേശ സ്വയം ഭരണ വകുപ്പും ഭക്ഷ്യ സുരക്ഷവിഭാഗവും സംയുക്തമായി ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തി വരുകയും ചെയ്യുന്നു. നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.നേരത്തെ ചോറ്റാനിക്കരയിലാണ് ഷിഗല്ല റിപോര്‍ട് ചെയ്തിരുന്നത്. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയിരുന്നുവെങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Tags:    

Similar News