ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം : മൂന്നംഗ സംഘം പിടിയില്‍

പാലക്കാട് കണ്ണാടി മണ്ണത്തുകുളം കമലവിലാസം വീട്ടില്‍ പ്രദീപ് (23), സഹോദരങ്ങളായ കരിമുഗള്‍ മുല്ലശ്ശേരി വീട് കിരണ്‍ (19), അരുണ്‍ (23) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

Update: 2021-06-03 11:30 GMT

കൊച്ചി: ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സഹോദരങ്ങളടക്കം മൂന്നംഗ സംഘം പോലിസ് പിടിയില്‍.പാലക്കാട് കണ്ണാടി മണ്ണത്തുകുളം കമലവിലാസം വീട്ടില്‍ പ്രദീപ് (23), സഹോദരങ്ങളായ കരിമുഗള്‍ മുല്ലശ്ശേരി വീട് കിരണ്‍ (19), അരുണ്‍ (23) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രദീപും, കിരണും പട്ടിമറ്റം പുന്നോര്‍ക്കോട് ഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണ മാലയും, പഴങ്ങനാടുള്ള നേഴ്‌സറിയില്‍ ചെടി വാങ്ങാനെന്ന വ്യാജേന ചെന്ന് കടയില്‍ നിന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാലയും പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു.ഇത്തരത്തില്‍ മോഷ്ടിക്കുന്ന സ്വര്‍ണ്ണം തലയോലപറമ്പിലുള്ള ജ്വല്ലറിയില്‍ പ്രതികളിലൊരാളായ അരുണാണ് വില്‍പ്പന നടത്തിയത് ഇത് പോലീസ് കണ്ടെടുത്തു.

മോഷണത്തില്‍ നിന്ന് ലഭിക്കുന്ന തുക ആര്‍ഭാട ജീവിതത്തിനും, ലഹരിമരുന്ന് ഉപയോഗത്തിനുമാണ് ചിലവഴിച്ചിരുന്നതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ്പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പട്ടിമറ്റം, ഉദയംപേരൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയത്.

പിടിയിലായ കിരണ്‍, അരുണ്‍ എന്നിവരുടെ പേരില്‍ ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര പോലിസ് സ്റ്റേഷനുകളില്‍ മോഷണം, കഞ്ചാവ് കേസുകളും. പ്രദിപിന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ കഞ്ചാവ് കേസും നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു. പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ്, കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ലെബിമോന്‍, എബി ജോര്‍ജ്ജ്, എഎസ്‌ഐ നൗഷാദ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അബ്ദുള്‍മനാഫ്, അജിഷ്, അഫ്‌സല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News