ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്:ഒരാള്‍ കൂടി പിടിയില്‍

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബ്ദുള്‍ ഹമീദ് (42) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

Update: 2022-07-21 13:18 GMT

കൊച്ചി: ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബ്ദുള്‍ ഹമീദ് (42) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അബ്ദുള്‍ ഹമീദിനെ കാഞ്ഞങ്ങാട് നിന്നും വീട് വളഞ്ഞാണ് പോലിസ് പിടികൂടിയത്.

കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.ഉച്ചക്ക് ഒന്നരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് അഞ്ച് പേര്‍ എത്തിയത്. പരിശോധന നടത്തിയം സംഘം വീട്ടില്‍ നിന്ന് അമ്പതു പവനോളം സ്വര്‍ണ്ണവും, ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും സംഘം കൊണ്ടുപോയി.

ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍, എസ്‌ഐ വി എല്‍ ആനന്ദ്, എഎസ്‌ഐ ജി എസ് അനില്‍ ,സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, കെ എം മനോജ്, മുഹമ്മദ് അമീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന പോലിസ് പറഞ്ഞു.

Tags:    

Similar News