ആയിരം കിലോ റബര്‍ ഷീറ്റ് കവര്‍ന്ന സംഭവം: മോഷ്ടാക്കള്‍ പിടിയില്‍

ഐരാപുരം എടക്കുടി വീട്ടില്‍ ജോണ്‍സന്‍ (30), അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടില്‍ ബിനോയി (38), മഴുവന്നൂര്‍ വാരിക്കാട്ട് വീട്ടില്‍ ഷിജു (40) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്.കാലടി മഞ്ഞപ്രയിലെ റബര്‍ ഷീറ്റ് വ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് ഇവര്‍ റബര്‍ഷീറ്റ് മോഷ്ടിച്ചത്

Update: 2021-01-01 10:19 GMT

കൊച്ചി: കാലടി മഞ്ഞപ്രയിലെ റബര്‍ ഷീറ്റ് വ്യാപാര സ്ഥാപനത്തില്‍ നിന്നും ആയിരം കിലോയോളം റബര്‍ ഷീറ്റ് മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. ഐരാപുരം എടക്കുടി വീട്ടില്‍ ജോണ്‍സന്‍ (30), അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടില്‍ ബിനോയി (38), മഴുവന്നൂര്‍ വാരിക്കാട്ട് വീട്ടില്‍ ഷിജു (40) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 17ന് ആണ് സംഭവം നടന്നത്.

രാത്രി കാറിലെത്തിയ സംഘം ഷീറ്റുകള്‍ മോഷ്ടിച്ച് ചാലക്കുടിയിലെ മൊത്തകച്ചവടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. മോഷ്ടിച്ചെടുത്ത ബൈക്കുകളില്‍ പകല്‍ കറങ്ങിനടന്ന് മോഷണം നടത്തേണ്ട സ്ഥലം കണ്ടു വയ്ക്കുകയും രാത്രി മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. കേരളത്തിലെ പല സ്ഥലങ്ങളിലും കറങ്ങി നടന്ന് മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ചാലക്കുടിയില്‍ നിന്ന് രണ്ടും കുന്നത്തുനാട് നിന്ന് ഒന്നും വീതം ബൈക്കുകള്‍ ഡിസംബറില്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ, കുറുപ്പംപടി, രാമമംഗലം, കോടനാട്, അയ്യമ്പുഴ, അങ്കമാലി സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. മോഷണം നടത്തിക്കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനാണ് ഇവര്‍ ചിലവഴിക്കുന്നത്. എസ് പി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ബിജുമോന്‍, കാലടി ഇന്‍സ്‌പെക്ടര്‍ എം ബി ലത്തീഫ് , സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി എല്‍ സ്റ്റെപ്‌റ്റോ ജോണ്‍, ടി എ ഡേവിസ്, പി വി ദേവസി, എഎസ്‌ഐ മാരായ അബ്ദുള്‍ സത്താര്‍, ശിവന്‍, എസ്‌സിപിഒ മാരായ മനോജ് കുമാര്‍, എന്‍ പി അനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    

Similar News