എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയം: കോണ്‍ഗ്രസല്ല സഭയെ വലിച്ചിഴച്ചത് സിപിഎമ്മും മന്ത്രി പി രാജീവും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സിപിഎം നേതാക്കള്‍ ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്.സിപിഎം ജില്ലാ സെക്രട്ടറിയും എറണാകുളം ജില്ലയില്‍ നിന്നുള്ള മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ സിപിഎമ്മിനെ എത്തിച്ചത്.

Update: 2022-05-07 11:07 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് യുഡിഎഫ് നേതാക്കള്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മന്ത്രി പി രാജീവാണ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സിപിഎം നേതാക്കള്‍ ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്.സിപിഎം ജില്ലാ സെക്രട്ടറിയും എറണാകുളം ജില്ലയില്‍ നിന്നുള്ള മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ സിപിഎമ്മിനെ എത്തിച്ചത്.ഒരു സമയത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി ഒരു സ്ഥാനാര്‍ഥിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു മന്ത്രി പുറത്ത് നിന്നും മറ്റൊരു സ്ഥാനാര്‍ഥിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു.ഈ രണ്ടു സ്ഥാനാര്‍ഥികളെച്ചൊല്ലിയുണ്ടായ തര്‍ക്കം സിപിഎം തങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

സഭയുടെ ഒരു സ്ഥാപനത്തെ സഭയുമായി ബന്ധമുള്ള സ്ഥാനാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ ദുരുപയോഗം ചെയ്തത് സിപിഎം ആണ്.സിപിഎമ്മിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും അവരുടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിലും സംസ്ഥാന കമ്മിറ്റി ഓഫിസിലുമല്ലാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടോ? സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോപ്പിന്റെ മുന്നിലിരുന്ന് വൈദികനായ ആശുപത്രി ഡയറക്ടറെയും കൂട്ടിയിരുത്തി വാര്‍ത്താ സമ്മേളനം നടത്തി സഭയെ ഇതിലേക്ക് വലിച്ചിഴച്ചത് മന്ത്രിയാണ് അല്ലാതെ തങ്ങളല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.മന്ത്രി പി രാജീവ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സഭയുടെ സ്ഥാനാര്‍ഥിയാണ് എന്ന് വരുത്തി തീര്‍ക്കാന്‍ സഭയുടെ പ്ലാറ്റ് ഫോമിനെ ദുരുപയോഗം ചെയ്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു.ഇതോടുകൂടിയാണ് സഭയിലെ ഒരു വിഭാഗം എതിരായി നിലപാടെടുക്കുകയും അദ്ദേഹം സഭയുടെ സ്ഥാനാര്‍ഥിയല്ലെന്ന് നിലപാടിലേക്ക് വന്നത്.തങ്ങള്‍ അതില്‍ കക്ഷി പിടിച്ചിട്ടില്ല.തങ്ങള്‍ പറഞ്ഞത്. ഈ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബാഹ്യമായ സമ്മര്‍ദ്ദമുണ്ടായെന്നാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പി സി ജോര്‍ജ്ജ് പറഞ്ഞു ഈ സ്ഥാനാര്‍ഥി തന്റെ സ്വന്തം ആളാണെന്ന്.തന്നെ കണ്ട് കെട്ടിപിടിച്ച് ഉമ്മ വെച്ചിട്ടാണ് എറണാകുളത്തേയ്ക്ക് പോയതെന്നാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്.സംഘപരിവാറുകാരുടെ സ്വീകരണം ഏറ്റുവാങ്ങി ഈരാറ്റുപേട്ടയില്‍ ആരും ശ്രദ്ധിക്കാതിരുന്ന പി സി ജോര്‍ജ്ജിനെ നായക പരിവേഷത്തിലെത്തിച്ചത് ആരാണെന്നും വി ഡി സതീശന്‍ ചോദിച്ചു.പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റി നിര്‍ത്തി പി സി ജോര്‍ജ്ജിന് ജാമ്യം കിട്ടാനുള്ള അവസ്ഥയുണ്ടാക്കിയത് സിപിഎമ്മാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.പി സി ജോര്‍ജ്ജ് എതിരായി പറഞ്ഞ മതവിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍ പി സി ജോര്‍ജ്ജിനെ അറസ്റ്റു ചെയ്തു.പി സി ജോര്‍ജ്ജിനെ കൂടെ നിര്‍ത്താന്‍ ജോര്‍ജ്ജിനെതിരായ എഫ് ഐ ആറില്‍ വെള്ളം ചേര്‍ത്ത് പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റി നിര്‍ത്തി.ഇത്തരം പ്രഹസനങ്ങള്‍ കേരളത്തില്‍ നടത്തി നാണം കെട്ടു നില്‍ക്കുകയാണ് സിപിഎം.നേതൃപരമായ കഴിവുകള്‍ കാണിക്കാതെ പ്രീണന നയമാണ് ഇവര്‍ കൊണ്ടു നടക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Tags:    

Similar News