വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്ന് പോലിസ്

കേസിനാസ്പദമായ മുഴുവന്‍ തെളിവുകളും ശേഖരിക്കാനാണ് പോലിസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.പി സി ജോര്‍ജ്ജുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചനയും പോലിസ് അന്വേഷിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു

Update: 2022-05-21 06:54 GMT

കൊച്ചി: വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിനാസ്പദമായ മുഴുവന്‍ തെളിവുകളും ശേഖരിക്കാനാണ് പോലിസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.പി സി ജോര്‍ജ്ജുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചനയും പോലിസ് അന്വേഷിക്കുന്നുണ്ട്.ആരാണ് പി സി ജോര്‍ജ്ജിനെ പ്രസംഗിക്കാന്‍ വിളിച്ചത്.തിരുവനന്തപുരത്ത് സമാനമായ രീതിയില്‍ കേസെടുത്തതിനു പിന്നാലെ വീണ്ടും പി സി ജോര്‍ജ്ജിനെ പ്രസംഗിക്കാന്‍ വിളിച്ചതിലെ ഉദ്ദേശം,അവസാന നിമിഷമാണ് സംഘാടകര്‍ ഇദ്ദേഹത്തെ പ്രസംഗിക്കാന്‍ വിളിച്ചത്.ഇക്കാര്യങ്ങളെല്ലാം പോലിസ് അന്വേഷിച്ചു വരികയാണെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.

അതേ സമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ പി സി ജോര്‍ജ്ജ് തിങ്കാളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

Tags:    

Similar News