മലബാര്‍ രക്ത സാക്ഷികള്‍ : രണ്ടാമത് ശിലാഫലകം അനാഛാദനം ചെയ്തു
എടവനക്കാട് ബീച്ച് ബദ്‌രിയ്യ ജുമാ മസ്ജിദ് അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തിന്റെ അനാച്ഛാദനം വാരിയം കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ പേരമകള്‍ വാരിയം കുന്നത്ത് ഹാജറ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വൈപ്പിന്‍ മേഖല ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ ജമാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു
വൈപ്പിന്‍:സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടി രക്തസാക്ഷ്യം വരിച്ച 387 മലബാര്‍ രക്ത സാക്ഷികളുടെ പേരുകള്‍ ആലേഖനം ചെയ്ത രണ്ടാമത് ശിലാഫലകത്തിന്റെ അനാഛാദനം നടത്തി. എടവനക്കാട് ബീച്ച് ബദ്‌രിയ്യ ജുമാ മസ്ജിദ് അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തിന്റെ അനാച്ഛാദനം വാരിയം കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ പേരമകള്‍ വാരിയം കുന്നത്ത് ഹാജറ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വൈപ്പിന്‍ മേഖല ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ ജമാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി എച്ച് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗണ്‍സില്‍ സെക്രട്ടറി ഇ കെ അഷ്‌റഫ് സ്വാഗതം പറഞ്ഞു.എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അഡ്വ: ഓണംമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
സ്വാതന്ത്യ സമര പോരാട്ടത്തെ തമസ്‌ക്കരിക്കാനുള്ള ശക്തമായ ശ്രമം നടന്നു വരുന്നുണ്ടെന്ന് ഓണംമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.ഇതിന്റെ ഭാഗമായാണ് 387 പേരെ ചരിത്രത്തില്‍ നിന്ന് വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടെ പിതാമഹാന്‍മാരോ, തങ്ങളുമായി ബന്ധപ്പെട്ടവരോ ഇന്ത്യയുടെ സ്വാതന്ത്യ സമര പോരാട്ടങ്ങളില്‍ ഭാഗമായിട്ടില്ല എന്ന ബോധ്യമുള്ളവരാണ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സജീവമായിരുന്നവരെ വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതെന്നും ഓണംമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
മലബാര്‍ ചരിത്രകാരന്‍ ജാഫര്‍ ഈ രാറ്റുപേട്ട, കാംപസ് എ ലൈവ് എഡിറ്റര്‍അബ്ദുല്‍ വാഹിദ് ചുള്ളിപ്പാറ, അഷ്‌റഫ് ബാഖവി, റിന്‍ഷാദ് ബാഖവി, ഖാസിം കോയ തങ്ങള്‍, ഇബ്രാഹീം മദനി, സാലിം എടവനക്കാട്, വി.എ അബ്ദുല്‍ റസാഖ്, ഫൈസല്‍ സഖാഫി ചടങ്ങില്‍ പങ്കെടുത്തു. മലബാര്‍ സമര അനുസ്മരണ സമിതിയുടെ നാടകം, പാട്ടുകള്‍, പുസ്തക പ്രദര്‍ശനം എന്നിവയും നടന്നു.മലബാര്‍ സ്വാതന്ത്രസമര രക്തസാക്ഷികളെ ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് വൈപ്പിന്‍ മേഖല ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈപ്പിനിലെ ജുമാ മസ്ജിദുകളില്‍ രക്തസാക്ഷികളുടെ പേരുകള്‍ ഉള്ള ശിലാഫലകം സ്ഥാപിക്കുന്നത്.
ഇതില്‍ ആദ്യത്തേതിന്റെ ഉദ്ഘാടനം എടവനക്കാട് മഹല്ല് ജുമാ മസ്ജിദ് അങ്കണത്തില്‍ കഴിഞ്ഞ ആഴ്ച നടന്നിരുന്നു. നായരമ്പലം, മാലിപ്പുറം, തെക്കന്‍മാലിപ്പുറം, ചെറായി, പള്ളിപ്പുറം എന്നിവിടങ്ങളിലെ മഹല്ല് ജുമാ മസ്ജിദുകളിലും ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശിലാഫലകം സ്ഥാപിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.