എറണാകുളം സിറ്റി ഗ്യാസ് വിതരണ പദ്ധതി: പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കമ്പനികള്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി

പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ ഓയില്‍, അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു.

Update: 2020-08-12 17:11 GMT

തിരുവനന്തപുരം: എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സഹായകരമായ ക്രമീകരണങ്ങള്‍ കമ്പനികള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ ഓയില്‍, അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു.

ആവശ്യമെങ്കില്‍ ഇന്നുള്ള ടീമിന് പകരം പുതിയ ടീമിനെ ഏര്‍പ്പെടുത്തി പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ശ്രമിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണസംവിധാനം ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഉയര്‍ന്നുവരുന്ന പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ഇടപെടല്‍ വേണം. റോഡുകള്‍ വെട്ടിപ്പൊളിച്ച് പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ റോഡുകള്‍ വെട്ടിപ്പൊളിക്കേണ്ടിവന്നാല്‍ അത് പുനസ്ഥാപിക്കുന്ന കാര്യം രേഖപ്രകാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമയബന്ധിതമായി തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കണം. നിലവില്‍ 14,450 കണക്ഷനുകള്‍ നല്‍കുന്നതിന് തയ്യാറായിട്ടുണ്ട്. റോഡിലുടെയുള്ള പൈപ്പ് ലൈന്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസംതോറും ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Tags:    

Similar News