വിസ തട്ടിപ്പും വിദേശ രാജ്യത്തേയ്ക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും നേരിട്ട് പരാതിപ്പെടാം; 'ഓപറേഷൻ ശുഭയാത്ര'

വിദേശ രാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകൾ, വിസ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികൾ നേരിട്ടറിയിക്കാം.

Update: 2022-08-19 17:56 GMT

തിരുവനന്തപുരം: വിസ തട്ടിപ്പുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഓപറേഷൻ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ- മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലിസും സംസ്ഥാന സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളാ പോലിസാണ് ഇവ സജ്ജമാക്കിയത്.

വിദേശ രാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകൾ, വിസ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികൾ നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നി ഇ- മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും പ്രവാസികൾക്ക് പരാതികൾ നൽകാം.

വിസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴിൽ തട്ടിപ്പുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്തി നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, കേരളാ പോലിസ് എന്നിവരുടെ സംയുക്ത യോഗം നേരത്തെ ചേർന്നിരുന്നു. ഇതേത്തുടർന്നാണ് 'ഓപറേഷൻ ശുഭയാത്ര' നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 

Similar News