ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം: എറണാകുളം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഡിസംബര്‍ മൂന്നിന് ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും 2,4 തീയതികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനും അതി ശക്തമായ മഴക്കും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2020-11-30 13:56 GMT

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി.ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂന മര്‍ദം അതി തീവ്ര ന്യൂന മര്‍ദമായി മാറുമെന്നും ശ്രീലങ്കന്‍ തീരം കടന്ന് ഡിസംബര്‍ മൂന്നിന് കന്യാകുമാരി തീരത്ത് എത്തുമെന്നുമാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും 2,4 തീയതികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനും അതി ശക്തമായ മഴക്കും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മല്‍സ്യ ബന്ധനം നിരോധിച്ചു

ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ജില്ലയിലെ തീരങ്ങളില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോവുന്നത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിരോധിച്ചു.നിലവില്‍ മല്‍സ്യ ബന്ധനത്തിന് പോയിട്ടുള്ളവര്‍ ഇന്ന് അര്‍ധ രാത്രിക്ക് മുന്‍പായി സുരക്ഷിത തീരത്ത് എത്താനുള്ള മുന്നറിയിപ്പ് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലിസും മത്സ്യ തൊഴിലാളികളെ അറിയിക്കുകയും ഇതിനായി മത്സ്യ ബന്ധന തുറമുഖങ്ങളിലും ഗ്രാമങ്ങളിലും അന്നൗണ്‍സ്മെന്റ് ഉള്‍പ്പടെ നടത്തണം. വിവരങ്ങള്‍ യഥാ സമയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം

കടലില്‍ മത്സ്യ ബന്ധനത്തിന് പോയിട്ടുള്ളവര്‍ ഇന്ന് തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മടങ്ങിയെത്താന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അടിയന്തര നിര്‍ദേശം നല്‍കണം.ശക്തമായ കാറ്റ് വീശാനുള്ള സാധ്യത മുന്നില്‍ കണ്ടു അപകട സാധ്യത ഉള്ള മരങ്ങള്‍ കോതി ഒതുക്കാനുള്ള നടപടികള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷ സേനയുടെ സഹായത്തോടെ സ്വീകരിക്കണം.സ്വകാര്യ സ്ഥലങ്ങളില്‍ ഉള്ള മരങ്ങള്‍ കോതി ഒതുക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണം.തദ്ദേശ സ്ഥാപനങ്ങള്‍ അതാതു പ്രദേശത്തുള്ള പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയുടെ സുരക്ഷിതത്വം ഉറപ്പാക്കണംഓറഞ്ച് അലെര്‍ട് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ജില്ലാ ജിയോളജിസ്റ്റ് ഉത്തരവിറക്കണം.ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്.

ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കണം . ക്യാമ്പുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. അപകട സാധ്യത മേഖലകളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കണം.കടല്‍ പ്രക്ഷുബ്ദമാവനും ശക്തമായ മഴക്കും സാധ്യത ഉണ്ടെന്നു തീരദേശത്ത് ഉച്ചഭാഷിണിയിലൂടെ പോലീസും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മുന്നറിയിപ്പ് നല്‍കണം.മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല എന്ന് ഫിഷറീസ് വകുപ്പ് പോലീസിന്റെ സഹായത്തോടെ ഉറപ്പ് വരുത്തണം.

ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തീരപ്രദേശങ്ങളിലെയും കോസ്റ്റല്‍ പോലിസിലെയും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം.കെ എസ് എ ബി, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഡാമുകള്‍ റൂള്‍ കര്‍വ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ചെറിയ ഡാമുകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.നദികളിലെ ജലനിരപ്പ് ജല വിഭവ വകുപ്പ് യഥാ സമയം നിരീക്ഷിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് യഥാ സമയം വിവരങ്ങള്‍ കൈ മാറുകയും ചെയ്യണമെന്നും കലക്ടര്‍ അറിയിച്ചു.

Tags:    

Similar News