സമൂഹത്തിലെ ദുര്‍ബലനെയും പാവപ്പെട്ടവനെയും സഹായിക്കുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂര്‍ണമാകുന്നത്: പ്രഫ. എം കെ സാനു
പ്രഫ. എം കെ സാനു നേതൃത്വം നല്‍കുന്ന ഫെയ്‌സ് ഫൗണ്ടേഷന്‍ തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തവര്‍ക്കുമായി തെരുവിലെ തുമ്പികള്‍ക്കും പൊന്നോണം എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു
കൊച്ചി: സമൂഹത്തിലെ ദുര്‍ബലനെയും പാവപ്പെട്ടവനെയും സഹായിക്കുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂര്‍ണമാകുന്നതെന്ന് പ്രഫ. എം കെ സാനു. പട്ടിണിപ്പാവങ്ങളോടുള്ള കരുതല്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കേ ഓണത്തിന്റെ മഹത്തായ സന്ദേശം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയു.ദുര്‍ബലരെ കൂടുതല്‍ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങളാണ് സമൂഹത്തില്‍ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. എം കെ സാനു നേതൃത്വം നല്‍കുന്ന ഫെയ്‌സ് ഫൗണ്ടേഷന്‍ തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തവര്‍ക്കുമായി സംഘടിപ്പിച്ച തെരുവിലെ തുമ്പികള്‍ക്കും പൊന്നോണം എന്ന ഓണാഘോഷ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ടി ജെ വിനോദ് എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് മാനേജിംഗ് ട്രസ്റ്റി ടി ആര്‍ ദേവന്‍ ആമുഖപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍മാരായ പദ്മജ എസ് മേനോന്‍, മനു ജേക്കബ്, ഫെയ്‌സ് ഭാരവാഹികളായ ഡോ. ടി വിനയ് കുമാര്‍, ആര്‍ ഗിരീഷ്, എ എസ് രാജന്‍, രത്‌നമ്മ വിജയന്‍,യു എസ് കുട്ടി, എന്നിവര്‍ നേതൃത്വം നല്‍കി, പോള്‍ മാമ്പള്ളി, സാബു ജോര്‍ജ്, കുരുവിള മാത്യൂസ്, എം എന്‍ ഗിരി. സി ജി രാജഗോപാല്‍, കമ്മ ഡോര്‍ മോഹന്‍ദാസ് പ്രസംഗിച്ചു.എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് തെരുവമക്കള്‍ക്ക് ഓണക്കോടി സമ്മാനിച്ചു. തെരുവ് മക്കളുടെ നേതൃത്വത്തില്‍ ഓണപ്പൂക്കളം, തിരുവാതിരകളി എന്നിവയും സംഘടിപ്പിച്ചിരുന്നു. കൊച്ചി നഗരത്തിലെ തെരുവോരങ്ങളില്‍ ജീവിക്കുന്ന 500 ല്‍ പരം പേര്‍ ഓണസദ്യയുണ്ണാന്‍ എത്തിയിരുന്നു.