മുഖ്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് സ്ഥലംമാറ്റം; ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി സ്വദേശിയായ സിദ്ദീഖിനെ കാസര്‍ഗോഡ് മാലക്കല്ല് ശാഖയിലേയ്ക്കാണ് സ്ഥലംമാറ്റിയത്. പോസ്റ്റുകള്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല, മറിച്ച് അബദ്ധത്തില്‍ വാര്‍ത്ത നല്‍കിയ 'ദേശാഭിമാനി' പത്രത്തിനെതിരാണെന്ന് സിദ്ദീഖ് പറയുന്നു.
കൊച്ചി: കെഎസ്എഫ്ഇ കണ്ണൂര്‍ കരിക്കോട്ടക്കരി ശാഖ അസിസ്റ്റന്റ് മാനേജരായ എന്‍ എം സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പോസ്റ്റിട്ടുവെന്നാരോപിച്ച് സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. ഏപ്രില്‍ 19നാണ് സിദ്ദീഖിന്റെ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ വന്നത്. അന്ന് ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ഒരു മൊബൈല്‍ കമ്പനി പിണറായി വിജയന് നന്ദി രേഖപ്പെടുത്തി ബോര്‍ഡ് വച്ചെന്ന് 'ദേശാഭിമാനി'യില്‍ വന്ന ഫോട്ടോയുടെ നിജസ്ഥിതി സോഷ്യല്‍ മീഡിയ പൊളിച്ചിരുന്നു. ഒരു എസ്എംഎസിലൂടെ ആരുടെയും പേരില്‍ മൊബൈല്‍ കമ്പനി നന്ദി പറയുന്ന ക്യാപയിനിന്റെ ഭാഗമായി വന്ന ഡിജിറ്റല്‍ ബോര്‍ഡാണ് അബദ്ധത്തില്‍ 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചത്.
പിറ്റേന്ന് 'ദേശാഭിമാനി' ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 'ദേശാഭിമാനി'യെ കളിയാക്കുന്ന നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. വളരെ പ്രചാരമുള്ള ഗ്രൂപ്പുകളില്‍ വ്യാപകമായി വന്ന അതില്‍ ചിലത് ഷെയര്‍ ചെയ്തതാണ് സ്ഥലംമാറ്റത്തിന് കാരണമായത്. കൊച്ചി സ്വദേശിയായ സിദ്ദീഖിനെ കാസര്‍ഗോഡ് മാലക്കല്ല് ശാഖയിലേയ്ക്കാണ് സ്ഥലംമാറ്റിയത്. പോസ്റ്റുകള്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല, മറിച്ച് അബദ്ധത്തില്‍ വാര്‍ത്ത നല്‍കിയ 'ദേശാഭിമാനി' പത്രത്തിനെതിരാണെന്ന് സിദ്ദീഖ് പറയുന്നു.
മറുപടി നല്‍കാനുള്ള സാവകാശംപോലും അനുവദിക്കാതെയും കൂടുതല്‍ അന്വേഷണം നടത്താതെയും മെമ്മോ നല്‍കി അതേ മെമ്മോയില്‍ ശിക്ഷാനടപടിയായി നിലവിലെ സ്റ്റേഷനില്‍നിന്ന് 150 കിലോമീറ്ററും വീട്ടില്‍നിന്ന് 400 കിലോമീറ്ററുമകലെയുള്ള ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത് സര്‍വീസ് ചട്ടങ്ങളുടെയും സാമാന്യനീതിയുടെയും ലംഘനമാണെന്ന് സിദ്ദീഖ് ആരോപിച്ചു.
നേരത്തെ സിദ്ദീഖിന്റെ പ്രമോഷനുകള്‍ പത്തുവര്‍ഷത്തോളം അന്യായമായി തടഞ്ഞുവച്ചിരുന്നു. ഹൈക്കോടതി ഉത്തരവിലൂടെ മൂന്ന് പ്രമോഷനുകള്‍ ഒരുമിച്ച് നല്‍കിയാണ് കണ്ണൂര്‍ കരിക്കോട്ടക്കരി ബ്രാഞ്ചില്‍ പ്രമോഷന്‍ തസ്തികയില്‍ സിദ്ദീഖിനെ അസിസ്റ്റന്റ് മാനേജരായി ആറുമാസം മുമ്പ് കെഎസ്എഫ്ഇ നിയമിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. സിദ്ദീഖിന് വേണ്ടി അഡ്വ.വി എസ് സലിം ഹാജരായി.