ഫാത്തിമ തഹ്‌ലിയക്കെതിരേ അധിക്ഷേപ കമന്റുകളുമായി ലീഗ് പ്രവര്‍ത്തകര്‍
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും അധിക്ഷേപിച്ചും കമന്റുകളുണ്ട്.
മലപ്പുറം: മുസ്‌ലിം ലീഗ് നേതൃത്വം എംഎസ്എഫ് ഹരിത ഭാരവാഹികള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെ ഫാത്തിമ തഹ്‌ലിയക്കെതിരേ അധിക്ഷേപ കമന്റുകളുമായി ലീഗ് പ്രവര്‍ത്തകര്‍. നാളെ ഉച്ചയ്ക്ക് മാധ്യമ പ്രവര്‍ത്തകരെ കാണുമെന്ന് വ്യക്തമാക്കി ഹരിത ഭാരവാഹിയായ ഫാത്തിമ തഹ്‌ലിയ പോസ്റ്റ് ചെയ്ത കുറിപ്പിനടയിലാണ് ലീഗ് അനുഭാവികളുടെ അധിക്ഷേപം.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും അധിക്ഷേപിച്ചും കമന്റുകളുണ്ട്. 'നീ അങ്ങ് മുക്കില്‍ വലിച്ച് കയറ്റും ലീഗിനെ, തരത്തില്‍ കളിക്ക് ഇത് ലീഗാ' ഒരാളുടെ കമന്റ്. ഫെമിനിസ്റ്റുകളെ ലീഗിന് ആവശ്യമില്ലെന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും ലീഗ് നേതൃത്വത്തിന്റെ നടപടിയില്‍ ഔദ്യോഗിക പ്രതികരണം ഹരിത നേതൃത്വം നാളെ ഉച്ചയ്ക്ക് നടത്തും.
അതേസമയം മുസ്‌ലിം ലീഗും എംഎസ്എഫും സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായം ശരിയല്ലെന്നും സംഘടനയിലെ ഒന്നോ രണ്ടോ പേര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നേതൃത്വത്തെ മൊത്തം കുറ്റക്കാരാക്കരുതെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പറഞ്ഞു.
പാര്‍ട്ടി തീരുമാനത്തില്‍ തൃപ്തരല്ല എന്നു പറയുന്നില്ല പാര്‍ട്ടിയുടെ തീരുമാനം ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഔദ്യോഗികമായി ഞങ്ങളെ വിളിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വത്തിനു മുന്നില്‍ അറിയിക്കും. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വവുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും എംഎസ്എഫ് വ്യക്തമാക്കി.