28.75 ലക്ഷത്തിൻ്റെ സാമ്പത്തിക തട്ടിപ്പ്: കുമ്മനം രാജശേഖരൻ നാലാം പ്രതി; ബിജെപി നേതാക്കളും പ്രതിപ്പട്ടികയിൽ
പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് ആറന്മുള പുത്തേഴത്ത് ഇല്ലം സി ആർ ഹരികൃഷ്ണന്റെ പരാതി.
പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ പ്രതിയാക്കി പോലിസ് കേസ്സെടുത്തു. ആറന്മുള സ്വദേശിയില്‍നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് ആറന്മുള പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്‍റെ മുന്‍ പിഎ പ്രവീൺ വി പിള്ളയാണ് ഒന്നാം പ്രതി.
പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് ആറന്മുള പുത്തേഴത്ത് ഇല്ലം സി ആർ ഹരികൃഷ്ണന്റെ പരാതി. കുമ്മനം അടക്കം ഒമ്പത് പേർ കേസിൽ പ്രതികളാണ്.
സംഭവത്തിൽ ആറന്മുള പോലിസ് എഫ്ഐആർ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐപിസി 406, 420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തത്. മൂന്നാം പ്രതി സേവ്യർ കുമ്മനം മിസോറാം ഗവർണർ ആയിരിക്കുമ്പോൾ ഓഫീസ് സ്റ്റാഫ് ആയിരുന്നു. മറ്റൊരു പ്രതിയായ ഹരി ബിജെപി ഐടി സെൽ കൺവീനറാണ്.
കുമ്മനം മിസോറാം ഗവർണറായിരുന്നപ്പോഴാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. അന്ന് കുമ്മനത്തിൻ്റെ പിഎ ആയിരുന്നു പ്രവീൺ വി പിള്ള. പണം വാങ്ങിയ ശേഷം സ്ഥാപനം ഉടൻ തുടങ്ങുമെന്ന് പറഞ്ഞ് പലതവണ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പ്രവീണിന്റെ വിവാഹ ദിവസം പതിനായിരം രൂപ കുമ്മനം തന്റെ പക്കൽ നിന്നും വായ്‌പ വാങ്ങിയെന്നും പരാതിയിൽ പറയുന്നു.
പദ്ധതി നടക്കില്ലായെന്ന് മനസിലായതോടെ പണം തിരികെ ചോദിച്ചു. നാലു ലക്ഷം തിരികെ നൽകി. ബാക്കി പണം നൽകാതെ വന്നതോടെ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി. എസ്പി ഈ പരാതി ഡിവൈഎസ്പിക്ക് നൽകിയെങ്കിലും നടപടിയായില്ല. തുടർന്ന് മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ അറൻമുള പോലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.