പൂട്ടിയിട്ട മുറിയിൽ എങ്ങനെ തീപ്പിടുത്തമുണ്ടാവും; പ്രധാനപ്പെട്ട ഫയലുകൾ കത്തി, എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല

പ്രതിഷേധ സൂചകമായി നാളെ സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Update: 2020-08-25 14:15 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം ഗുരുതര പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് സെക്ഷനിൽ തീപ്പിടുത്തമുണ്ടായി. പ്രധാനപ്പെട്ട ഫയലുകൾ കത്തിയതായും സംഭവസ്ഥലം സന്ദർശിച്ച ശേഷം ചെത്തിത്തല വ്യക്തമാക്കി. കത്തിയ ഫയലുകളുടെ ബാക്ക് അപ്പ് ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

പൊളിറ്റിക്കൽ സെക്ഷൻ, വിദേശയാത്ര, സീക്രട്ട് വിഭാഗം തുടങ്ങിയ സുപ്രധാന ഫയലുകളാണ് കത്തിയത്. 40 മീറ്റർ സ്ഥലത്ത് തീപ്പിടിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകളും കത്തിയതായും ചെന്നിത്തല പറഞ്ഞു. 

ഫാനിൻ്റെ സ്വിച്ചിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഡിസാസ്റ്റർ മാനേജ്മെൻറ് സെക്രട്ടറി കൗശികൻ്റെ നേതൃത്വത്തിൽ നാലംഗ സംഘം സംഭവം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥന് കൊവിഡ് ബാധയെ തുടർന്ന് രണ്ട് ദിവസമായി അടച്ചിട്ട ഓഫീസ് റൂമിലാണ് തീപ്പിടുത്തം. ഇവിടേക്ക് ആരേയും കടത്തി വിടുന്നില്ല. ഫാൻ ഓണായി കിടന്നതാണ് ഷോർട്ട് സർക്യൂട്ടിന് കാരണം. അടച്ചിട്ട മുറിയിൽ ആരാണ് ഫാനിടുക. പൂട്ടിയിട്ട മുറിയിൽ എങ്ങനെ തീപ്പിടുത്തമുണ്ടാവും. ഇതിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പ്രധാനപ്പെട്ട ഫയലുകൾ കത്തിയ സാഹചര്യത്തിൽ ദുരൂഹതയുണ്ടെന്നും സംഭവം എൻഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിഷേധ സൂചകമായി നാളെ സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

Tags:    

Similar News