പ്രളയ ഫണ്ട് തട്ടിപ്പ്: രണ്ടാം പ്രതി മഹേഷ് വാങ്ങിയ വാഹനത്തിന്റെ വില്‍പന കരാറില്‍ സാക്ഷിയായി ഒപ്പുവെച്ചത് മൂന്നാം പ്രതി അന്‍വര്‍ എന്ന് ക്രൈംബ്രാഞ്ച്
പ്രളയ ഫണ്ടില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് കേസിലെ ഒന്നാം പ്രതിയായ വിഷ്ണു പ്രസാദും മഹേഷും ചേര്‍ന്ന് തമിഴ്‌നാട് പൊള്ളാച്ചിയില്‍ പൗള്‍ട്രി ഫാം ബിസിനസ് ആരംഭിക്കുന്നതിനായി പണം മുടക്കിയിരുന്നതായും ഈ സ്ഥലത്ത് ഒന്നാം പ്രതിയായ വിഷ്ണു പ്രസാദ്,രണ്ടാം പ്രതിയായ മഹേഷ്, മൂന്നാം പ്രതിയായ അന്‍വര്‍,സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിതിന്‍ എന്നിവര്‍ പല പ്രാവശ്യം പോയിരുന്നതായി വ്യക്തമായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച്
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് കേസിലെ രണ്ടാം പ്രതിയായ മഹേഷ് വാങ്ങിയ സ്‌കോര്‍പിയോ വാഹനത്തിന്റെ വില്‍പന കരാറില്‍ സാക്ഷിയായി ഒപ്പു വെച്ചിരുന്നത് കേസില്‍ ഇന്നലെ കീഴടങ്ങിയ സിപിഎം പ്രാദേശിക നേതാവ് അന്‍വര്‍ ആയിരുന്നുവെന്ന് ക്രൈംബ്രാഞ്ച്.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപോര്‍ടിലാണ് അന്വേഷണ സംഘം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.പ്രളയ ഫണ്ടില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് കേസിലെ ഒന്നാം പ്രതിയായ വിഷ്ണു പ്രസാദും മഹേഷും ചേര്‍ന്ന് തമിഴ്‌നാട് പൊള്ളാച്ചിയില്‍ പൗള്‍ട്രി ഫാം ബിസിനസ് ആരംഭിക്കുന്നതിനായി പണം മുടക്കിയിരുന്നതായും ഈ സ്ഥലത്ത് ഒന്നാം പ്രതിയായ വിഷ്ണു പ്രസാദ്,രണ്ടാം പ്രതിയായ മഹേഷ്, മൂന്നാം പ്രതിയായ അന്‍വര്‍,സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിതിന്‍ എന്നിവര്‍ പല പ്രാവശ്യം പോയിരുന്നതായി വ്യക്തമായിട്ടുണ്ടെന്നും ദുരിതാശ്വാസ നിധിയില്‍ നിന്നും കൈക്കലാക്കിയ തുക പ്രതികള്‍ സ്വന്തം കാര്യത്തിനുപയോഗിച്ചും കുടുതല്‍ തുക ഇത്തരത്തില്‍ തട്ടിയെടുക്കുന്നതിന് ശ്രമം നടത്തിയതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
ഇന്നലെ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.നേരത്തെ അന്‍വര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളുകയും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.തുടര്‍ന്നാണ് ഇന്നലെ അന്‍വര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ ഈ മാസം 25 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.കേസിലെ നാലാം പ്രതിയും അന്‍വറിന്റെ ഭാര്യയുമായ കൗലത്ത് അന്‍വറിനെ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.മഹേഷിന്റെ ഭാര്യയും കേസിലെ അഞ്ചാം പ്രതിയുമായ നീതു ഇപ്പോഴും ഒളിവിലാണ്.വിഷ്ണു പ്രസാദ്,മഹേഷ്,അന്‍വര്‍,നിതിന്‍,നിതിന്റെ ഭാര്യ ഷിന്റു എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.ഇതില്‍ വിഷ്ണു പ്രസാദും അന്‍വറും ഒഴികെയുള്ളവര്‍ ജാമ്യത്തിലാണ്.വിഷ്ണു പ്രസാദ് ജാമ്യത്തിലിറങ്ങിയിരുന്നുവെങ്കിലും ക്രൈബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ ഏതാനും ദിവസം മുമ്പ് ഇയാളെ വീണ്ടും അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു.ഇയാളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും