പ്രളയഫണ്ട് തട്ടിപ്പ്: അന്വേഷണം മുന്നോട്ട് നീങ്ങുന്നത് സിപിഎം തിരക്കഥയനുസരിച്ചെന്ന് കോണ്‍ഗ്രസ്
ചില പ്രതികള്‍ 90 ദിവസം ഒളിവില്‍ കഴിഞ്ഞിട്ടും ജാമ്യം കിട്ടുന്ന അവസ്ഥയിലാണ്.മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ പത്തു ദിവസം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജാമ്യം കിട്ടിയ പ്രതികള്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുമായി സംസാരിക്കുന്നതില്‍ നിന്നും ഗുണ്ടകള്‍ അവരെ വിലക്കുകയാണ്.എങ്ങോട്ടു പോയി എന്ന് ഇതുവരെ വ്യക്തമാകാത്ത പണം പാര്‍ടി നേതാക്കളുടെ കൈകളിലാണ് എത്തിയിരിക്കുന്നത്. അത് പുറത്തുപറായാതിരിക്കാനാണ് ഗുണ്ടകളെ ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍ എംഎല്‍എ,ടി ജെ വിനോദ് എംഎല്‍എ, ഹൈബി ഈഡന്‍ എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അന്വേഷണം മുന്നോട്ട് നീങ്ങുന്നത് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് തയാറാക്കുന്ന തിരക്കഥയനുസരിച്ചാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍ എംഎല്‍എ,ടി ജെ വിനോദ് എംഎല്‍എ, ഹൈബി ഈഡന്‍ എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ചില പ്രതികള്‍ 90 ദിവസം ഒളിവില്‍ കഴിഞ്ഞിട്ടും ജാമ്യം കിട്ടുന്ന അവസ്ഥയിലാണ്.മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ പത്തു ദിവസം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജാമ്യം കിട്ടിയ പ്രതികള്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുമായി സംസാരിക്കുന്നതില്‍ നിന്നും ഗുണ്ടകള്‍ വിലക്കുകയാണ്.എങ്ങോട്ടു പോയി എന്ന് ഇതുവരെ വ്യക്തമാകാത്ത പണം പാര്‍ടി നേതാക്കളുടെ കൈകളിലാണ് എത്തിയിരിക്കുന്നത്. അത് പുറത്തുപറായാതിരിക്കാനാണ് ഗുണ്ടകളെ ഉപയോഗിക്കുന്നത്. ഇത്രയും വലിയ തിട്ടിപ്പ് നടന്നിട്ടും റവന്യുവകുപ്പ് കാര്യമായി അന്വേഷിക്കുന്നില്ല.
ജോയിന്റ് റവന്യു കമ്മീഷണര്‍ മുന്നു മാസം കഴിഞ്ഞിട്ട് നടത്തിയ അന്വേഷണം പ്രഹസനമാണ്.10 ദിവസത്തിനുള്ളില്‍ റിപോര്‍ട് കൊടുക്കാന്‍ പറഞ്ഞിട്ടും അവര്‍ക്ക് അതിന് കഴിഞ്ഞില്ല.അപ്പോഴേക്കും കലക്ടറേറ്റില്‍ നിന്നും സുപ്രധാന രേഖകള്‍ അപ്രത്യക്ഷമായി.ഒന്നാം പ്രതി വിഷ്ണു പ്രസാദിനെതിരെയല്ലാതെ മറ്റൊരാള്‍ക്കെതിരെയും നടപടിയെടുത്തില്ല.ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കലക്ടറേറ്റില്‍ നിന്നു പോലും മാറ്റാതിരുന്നതുകൊണ്ടാണ് രേഖകള്‍ കാണാതായത്.200 വ്യാജ രശീതുകള്‍ ഒപ്പിട്ട സൂപ്രണ്ടിന്റെ വീട്ടില്‍ പോലിസ് റെയിഡ് നടത്തിയിട്ടും അവര്‍ക്കെതിരെ നടപടിയെടുത്തില്ല.കാരണം അവര്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ നേതാവാണ്.മറ്റുള്ളവര്‍ സിപിഎം സംഘടനയിലും ഉള്ളവരാണ്.അയ്യനാട് സഹകരണ ബാങ്കിനെക്കുറിച്ചുള്ള അന്വേഷണവും നടന്നില്ല.
ബാങ്കിന്റെ അക്കൗണ്ടിലേക്ക് അയച്ച പണം തട്ടിപ്പുകാരില്‍ എങ്ങനെയെത്തിയെന്ന് അറിയേണ്ടതുണ്ട്.ബാങ്കിനെതിരെ സഹകരണ വകുപ്പും അന്വേഷിക്കുന്നില്ല.ബാങ്ക് പ്രസിഡന്റ് ലോക്കല്‍ സെക്രട്ടറികൂടിയായതിനാല്‍ പാര്‍ട്ടിക്ക് തട്ടിപ്പിലുള്ള പങ്ക് വ്യക്തമാണെന്നും നേതാക്കാള്‍ ആരോപിച്ചു.തട്ടിപ്പ് മൂടിവെയ്ക്കുന്നതും കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും പാര്‍ടിനേതാക്കളുടെ പേരുകള്‍ പുറത്തുവരുമെന്ന് ഭയന്നാണ്.ജില്ലാ ഭരണകൂടത്തെയും പോലിസിനെയും ഉപയോഗിച്ച് പ്രളയഫണ്ട് അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 29 ന് കലക്ടറേറ്റിനു മുന്നില്‍ രാവിലെ 10 മുതല്‍ ഉച്ചവരെ പ്രതിഷേധ ധര്‍ണ നടത്തും.കെപിസിസി ഭാരവാഹികള്‍,ഡിസിസി ഭാരവാഹികള്‍,ജില്ലയില്‍ നിന്നുള്ള എംപിമാര്‍,എംഎല്‍എമാര്‍ എന്നിവരായിരിക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരത്തില്‍ പങ്കെടുക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.