പ്രളയ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതി വിഷ്ണു പ്രസാദ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായി മൂന്നു മാസത്തോളം റിമാന്റിലായിരുന്ന മുഖ്യപ്രതി വിഷ്ണു പ്രസാദും സിപിഎം നേതാവ് അടക്കമുള്ള മറ്റു രണ്ടു പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനു ശേഷമാണ് രണ്ടാമത്തെ കേസില്‍ ഈ മാസം എട്ടിന് എറണാകുളം ക്രൈംബ്രാഞ്ച് വിഷ്ണു പ്രസാദിനെ വീണ്ടും അറസ്റ്റു ചെയ്തത്.തുടര്‍ന്ന് ഏഴു ദിവസംചോദ്യം ചെയ്യുവാന്‍ കോടതി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു

Update: 2020-06-18 08:23 GMT

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് രണ്ടാമത്തെ കേസില്‍ അറസ്റ്റിലായി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന എറണാകുളം കലക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഈ മാസം 22 ലേക്ക് മാറ്റി.ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച വിജിലന്‍സ് കോടത് കേസ് 22 ലേക്ക് മാറ്റുകയായിരുന്നു. പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായി മൂന്നു മാസത്തോളം റിമാന്റിലായിരുന്ന മുഖ്യപ്രതി വിഷ്ണു പ്രസാദും സിപിഎം നേതാവ് അടക്കമുള്ള മറ്റു രണ്ടു പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനു ശേഷമാണ് രണ്ടാമത്തെ കേസില്‍ ഈ മാസം എട്ടിന് എറണാകുളം ക്രൈംബ്രാഞ്ച് വിഷ്ണു പ്രസാദിനെ വീണ്ടും അറസ്റ്റു ചെയ്തത്.

തുടര്‍ന്ന് ഏഴു ദിവസം ചോദ്യം ചെയ്യുവാന്‍ കോടതി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു.മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലെ പണം കൈകാര്യം ചെയ്തിരുന്ന പ്രതി പൊതു സമ്പത്ത് അന്യായമായി കൈവശപ്പെടുത്തി അനധികൃതമായി ധനം സമ്പാദിക്കുവാന്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഏകദേശം ഒന്നേകാല്‍ കോടി രൂപയില്‍ 48 ലക്ഷം രൂപ സിഎംഡിആര്‍ഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചും ബാക്കി 73 ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടക്കാതെ പ്രതി സ്വന്തമാക്കിയെന്നു മാണ് രണ്ടാമത്തെ കേസ്.പ്രതിയുടെ ജാമ്യാപേക്ഷയെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവു നശിപ്പിക്കും. ഒളിവിലും പോകും. കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷിക്കാനുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.ദുരന്ത സന്ദര്‍ഭങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സര്‍ക്കാരുദ്യോഗസ്ഥനായ പ്രതി കൈവശപ്പെടുത്തിയതിനു ശേഷം അന്വേഷണവുമായി സഹകരിക്കാതെ അപഹരിക്കപ്പെട്ട തുക കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ്. ഭാവിയില്‍ ഈ നിധിയില്‍ സംഭാവന നല്‍കാനുള്ള പൊതു ജനത്തിന്റെ സന്നദ്ധതയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News