പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി; സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെതിരേ കേസെടുത്തു

പ്രളയ ഫണ്ട് തന്റെ അടുപ്പക്കാരുടെയും അവരുടെ പരിചയക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നല്‍കിയ പരാതി പ്രകാരമാണ് ക്ലാര്‍ക്കിനെതിരേ ഐപിസി 403,409,420 വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമപ്രകാരം 13 (1 എ) പ്രകാരവും കേസെടുത്തിട്ടുള്ളത്

Update: 2020-02-26 17:06 GMT

കൊച്ചി:പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയതിന് സസ്പെന്‍ഷനിലായ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദിനെതിരേ തൃക്കാക്കര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രളയ ഫണ്ട് തന്റെ അടുപ്പക്കാരുടെയും അവരുടെ പരിചയക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നല്‍കിയ പരാതി പ്രകാരമാണ് ക്ലാര്‍ക്കിനെതിരേ ഐപിസി 403,409,420 വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമപ്രകാരം 13 (1 എ) പ്രകാരവും കേസെടുത്തിട്ടുള്ളത്.

തെളിവുകള്‍ നശിപ്പിക്കാന്‍ കംപ്യൂട്ടറില്‍ പ്രത്യേകം ക്രമീകരണം നടത്തിയായിരുന്നു തട്ടിപ്പ്. ദുരിതബാധിതര്‍ക്കുള്ള ധനസഹായം ഇരട്ടിയായി അര്‍ഹതപ്പെട്ടവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും കംപ്യൂട്ടര്‍ പിഴവ് ചൂണ്ടിക്കാട്ടി അധികമായി നിക്ഷേപിച്ച തുക ബാങ്ക് അധികൃതര്‍ മുഖേന തിരികെ ഈടാക്കിയുമാണ് ഇയാള്‍ തട്ടിപ്പു നടത്തിയതത്രെ. പ്രളയ ദുരിതാശ്വാസ ധനസഹായത്തിന് അപേക്ഷ പോലും നല്‍കാത്ത സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച 10,54,000 രുപ സംബന്ധിച്ച സംശയമാണ് വിഷ്ണുപ്രസാദിനെ കുടുക്കിയത്.

പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു തവണയായി ഇത്രയേറെ തുക സിപിഎം നേതാവിന്റെ അക്കൗണ്ടില്‍ എത്തിയത് ബാങ്ക് ജീവനക്കാരില്‍ സംശയം ജനിപ്പിച്ചിരുന്നു. 2020 ജനുവരി 24 നാണ് അവസാന ഗഡുവായി രണ്ടു ലക്ഷത്തിലേറെ രൂപ അന്‍വറിന്റെ അക്കൗണ്ടില്‍ എത്തിയത്. സാങ്കേതിക പിഴവല്ല മനഃപൂര്‍വം പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയതോടെയാണ് അഴിമതി നിരോധന നിയമപ്രകാരം വിഷ്ണുപ്രസാദിനെതിരേ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുള്ളത്.

Tags:    

Similar News