മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

മദ്യപിച്ച് വാഹനമോടിച്ചതുകൊണ്ട് മാത്രമാണോ ഇവര്‍ സഞ്ചരിച്ച വാഹനം അപകരടത്തില്‍പെട്ടത് അതോ മറ്റെന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോയെന്ന് പോലിസ് അന്വേഷിച്ച് വരികയാണ്.ഇവര്‍ പുറപ്പെട്ട സ്ഥലത്തുണ്ടായിരുന്ന ഡിവിആര്‍ നശിപ്പിക്കേണ്ട ആവശ്യം എന്താണ് എന്നതും പോലിസ് അന്വേഷിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു

Update: 2021-11-23 06:07 GMT

കൊച്ചി: കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍.സ്വകാര്യ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്തുന്നതിനായി കൊച്ചി കായലില്‍ പോലിസിന്റെ നേതൃത്വത്തില്‍ വീണ്ടും തിരിച്ചില്‍ തുടരും.തീരദേശ സേനയുടെ സഹായത്തോടെയാണ് വീണ്ടും തിരച്ചില്‍ നടത്തുന്നത്. ഇന്നലെ സ്‌കൂബ ഡൈവേഴ്‌സിന്റെ സഹായത്തോടെ കൊച്ചിക്കായലില്‍ തേവര ഭാഗത്ത് തിരിച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് തീരദേശ സേനയുടെ സഹായം പോലിസ് തേടിയിരിക്കുന്നത്.

അതേ സമയം വാഹനാപകടത്തില്‍ അന്‍സി കബീര്‍ അടക്കം മരിച്ച സംഭവത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സംഭവത്തിന് പിന്നില്‍ മറ്റെന്തിലും ഉണ്ടോയെന്ന് പോലിസ് അന്വേഷിച്ചു വരികയാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കുടുതല്‍ ദൃക്‌സാക്ഷികളില്‍ നിന്നും മൊഴിയെടുക്കും.മദ്യപിച്ച് വാഹനമോടിച്ചതുകൊണ്ട് മാത്രമാണോ ഇവര്‍ സഞ്ചരിച്ച വാഹനം അപകരടത്തില്‍പെട്ടത് അതോ മറ്റെന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോയെന്ന് പോലിസ് അന്വേഷിച്ച് വരികയാണ്.ഇവര്‍ പുറപ്പെട്ട സ്ഥലത്തുണ്ടായിരുന്ന ഡിവിആര്‍ നശിപ്പിക്കേണ്ട ആവശ്യം എന്താണ് എന്നതും പോലിസ് അന്വേഷിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത എല്ലാ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യുമെന്നും കമ്മീഷണര്‍ പറഞ്ഞു.ഉടന്‍ തന്നെ കേസില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷണര്‍ പറഞ്ഞു.

റോയി യുടെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും മടങ്ങുന്ന വഴിയാണ് അന്‍സി കബീര്‍,അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ സഞ്ചരിച്ച കാര്‍ ഈ മാസം ഒന്നിന് അര്‍ധ രാത്രിയോടെ എറണകുളം വൈറ്റില ചക്കരപറമ്പിനു സമീപം അപടത്തില്‍പ്പെട്ടത്.ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നുഅന്‍സിയും അഞ്ജനയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ പിന്നീട് മരിച്ചു.കാര്‍ ഓടിച്ചിരുന്ന തൃശ്ശൂര്‍, മാള, കോട്ടമുറി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍(25) നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞിരുന്നു.

റോയിയുടെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നിരുന്നുവെന്നും ഇവിടെ നിന്നും മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതെന്നുമാണ് പോലിസിന് ലഭിച്ച വിവരം. ഇവരുടെ കാറിനൊപ്പം ഹോട്ടലില്‍ നിന്നും പുറപ്പെട്ട മറ്റൊരു കാര്‍ അന്‍സി കബീര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നുവെന്നും കാര്‍ അപകടത്തില്‍പ്പെട്ടതോടെ പിന്തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് പോലിസ് ഹോട്ടലില്‍ പരിശോധന നടത്തി സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തുവെങ്കിലും ഇതില്‍ പാര്‍ടി ഹാളിലെ ദൃശ്യങ്ങള്‍ ഇല്ലായിരുന്നു.

തുടര്‍ന്ന് ഉടമ റോയിയെ പോലീസ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെങ്കിലും ഒരു ഡിവിആര്‍ മാത്രമാണ് റോയി ഹാജരാക്കിയത്. മറ്റേ ഡിവിആര്‍ നശിപ്പിച്ചതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പോലിസ് റോയിക്കും അഞ്ചു ജീവനക്കാര്‍ക്കുമെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം ചുമത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.ഒരു ഡിവിആര്‍ റോയിയുടെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാര്‍ കായലില്‍ എറിഞ്ഞുകളഞ്ഞുവെന്നാണ് പോലിസ് കണ്ടെത്തല്‍.

റോയിക്കും അഞ്ചു ജീവനക്കാര്‍ക്കും എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചനും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.ഇതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

ഹരജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അന്‍സി കബീറിന്റെ കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്.

Tags:    

Similar News