മുന്‍ മിസ് കേരള അടക്കം മുന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ സൈജു അറസ്റ്റില്‍

ആറുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സൈജുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്്.സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടര്‍ന്നു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് സൈജുവിനെ അറസ്റ്റു ചെയ്തിരിക്കുന്നത്

Update: 2021-11-26 14:02 GMT

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചനെ പോലിസ് അറസ്റ്റു ചെയ്തു.ആറുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സൈജുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടര്‍ന്നു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് സൈജുവിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

അപകടത്തിനിരയായ കാര്‍ ഓടിച്ചിരുന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി സൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ കേസില്‍ സൈജുവിനെ പ്രതിയാക്കിയിട്ടില്ലെന്ന് പോലിസ് കോടതിയെ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സൈജു ഇന്ന് രാവിലെ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സൈജുവില്‍ നിന്നും പോലിസ് മൊഴിയെടുത്തിരുന്നു. പിന്നീട് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ ഉടമ റോയിയെയും അഞ്ചു ജീവനക്കാരെയും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് സൈജു മുന്‍ കൂര്‍ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചിരുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ റോയിയുടെ ഹോട്ടലില്‍ നിന്നും മടങ്ങുന്ന വഴിയാണ് ഈ മാസം ഒന്നിന് അര്‍ധരാത്രിയോടെ അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച എറണാകുളംവൈറ്റില ചക്കരപറമ്പിന് സമീപം അപകടത്തില്‍പെട്ടത്. ഹോട്ടലില്‍ നിന്നും കാറില്‍ പുറപ്പെട്ട അന്‍സിയെയും സുഹൃത്തുക്കളെയും അവിടം മുതല്‍ സൈജു മറ്റൊരു കാറില്‍ പിന്തുടരുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അന്‍സിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വേഗത കൂട്ടി.ഇതോടെ സൈജുവും കാറിന്റെ വേഗത കൂട്ടി.ചക്കരപറമ്പില്‍ വെച്ച് മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ ഇടിച്ച് അന്‍സിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അന്‍സിയും അഞ്ജനയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ പിന്നീടും മരിച്ചു.അപകടത്തിനു ശേഷം സൈജു ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിരുന്നു.റോയിയെയും ഹോട്ടലിലെ അഞ്ചു ജീവനക്കാരെയും പോലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്ക് നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.ഇവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.അന്‍സിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന.തൃശ്ശൂര്‍, മാള, കോട്ടമുറി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍(25) നെയും പോലിസ് അറസ്റ്റു ചെയ്തിരുന്നു.

Tags:    

Similar News