നിലമ്പൂരിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്‌സൈസ് പിടിയിൽ

പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വിലമതിപ്പുണ്ട് എന്നാണ് പ്രാഥമിക നിഗമനം.

Update: 2021-09-17 11:59 GMT

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്‌സൈസ് പിടിയിൽ. നിലമ്പൂർ എക്‌സൈസ് വിഭാഗത്തിനും മലപ്പുറം ഐബി ക്കും ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിലമ്പൂർ എക്‌സൈസ് സംഘം വൻ കഞ്ചാവ് വേട്ട നടത്തിയത്.

പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വിലമതിപ്പുണ്ട് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂറ്റമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ, ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്‌സൈസ് സംഘം ലഹരി മരുന്നുകളോടൊപ്പം പിടികൂടി അറസ്റ്റ് ചെയ്തത്.

പൂക്കോട്ടുംപാടം കൂറ്റമ്പാറ പരതകുന്നിൽ കാട് പിടിച്ച് കിടക്കുന്ന പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് ഇന്ന് പുലർച്ചെ ആറ് മണിയോടെ എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരകനായ കാളികാവ് സ്വദേശിയെ പിടികൂടാനും എക്‌സൈസ് സംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്.

പ്രതികൾ ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം ചെറുപ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ കെ വി നിധിൻ, ഐ ബി ഇൻസ്‌പെക്ടർ മുഹമ്മദ്ഷഫീക്, ടി ഷിജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്.

ആന്ധ്രാപ്രദേശിൽ നിന്നണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതെന്ന് പ്രതികൾ എക്‌സൈസിന് മൊഴിയും നൽകിയിട്ടുണ്ട്. ജില്ലയിൽ ഈ അടുത്ത ദിവസങ്ങളിലായി നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണ് ഇന്ന് നിലമ്പൂരിൽ നടന്നത്. പ്രിവന്റിംങ് ഓഫീസർമാരായ എം ഹരികൃഷ്ണൻ, പി വി സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് കഞ്ചാവ് കടത്തിനുപയോഗിച്ച ഹോണ്ടസിറ്റി കാറും ഒരു മോട്ടോർ ബൈക്കും പിടിച്ചെടുത്തു.

Similar News