ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു

പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ അവര്‍ പരാതി അറിയിച്ചിരുന്നു.

Update: 2023-06-01 11:42 GMT

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോടതി വെറുതെ വിട്ട ജലന്ധര്‍ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. രാജി വത്തിക്കാന്‍ സ്വീകരിച്ചു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി അറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ കോടതി വെറുതേവിട്ടത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീല്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ബിഷപ്പിന്റെ രാജി.

നേരത്തെ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ രാജി വത്തിക്കാന്‍ അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സഭയുടെ നന്മയ്ക്കായും രൂപതയുടെ സുഗമമായ നടത്തിപ്പിനായുമാണ് രാജി അംഗീകരിക്കുന്നതെന്ന് അപ്പോസ്തലിക് നണ്‍സിയേച്ചര്‍ അറിയിച്ചു. സഭയുടെ നന്മയ്ക്കായും രൂപതയ്ക്ക് പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജി അംഗീകരിക്കുന്നതെന്നും വത്തിക്കാന്‍ സ്ഥാനപതിയുടെ വാര്‍ത്താക്കുറിപ്പിലുണ്ട്.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ അവര്‍ പരാതി അറിയിച്ചിരുന്നു. 2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീ ജൂണ്‍ 27-ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങുകയും മറ്റ് സംഘടനകള്‍ അവര്‍ക്ക് പിന്തുണയുമായി എത്തുകയും ചെയ്തതോടെയാണ് പോലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നത്.


Tags:    

Similar News