ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98 രൂപ കടന്നു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 95.85 രൂപയും 86.75 രൂപയുമായി. മെയ് 29ന് ആദ്യമായി പെട്രോള്‍ വില 100 രൂപ കടന്ന മുംബൈ നഗരത്തില്‍ ഇന്ധന വില വെള്ളിയാഴ്ച ലിറ്ററിന് 102.04 രൂപയിലെത്തിയിരുന്നു.
ആഗോളതലത്തില്‍ എണ്ണവിലയിലുണ്ടായ മാറ്റമാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. ഒരുവര്‍ഷത്തിനിടെ ഇന്ധന വിലയില്‍ മുപ്പത് രൂപയുടെ അടുത്ത് വര്‍ധനയാണ് രാജ്യത്തുണ്ടായിരിക്കുന്നത്.