പാലക്കാട്-തൃശൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറിയില്‍ കടത്തിയ 60 കിലോ കഞ്ചാവ് പിടികൂടി
ചരക്ക് ലോറിയുടെ കാബിനില്‍ ഒളിപ്പിച്ച നിലയിലാണ് 29 ബാഗ് കഞ്ചാവ് പിടികൂടിയത്.
തൃശൂര്‍: ചരക്ക് ലോറിയില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് പാലക്കാട്-തൃശൂര്‍ അതിര്‍ത്തിയില്‍ വെച്ച് തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. പുത്തൂര്‍ പയ്യപ്പിള്ളി മൂല പുത്തന്‍ പുരയ്ക്കല്‍ സനീഷ്, അഞ്ചേരി സ്വദേശി സാബു എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.
സ്പിരിറ്റ് കടത്തിയ വാഹനം ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ച് ജില്ലയില്‍ കര്‍ശന വാഹന പരിശോധനയ്ക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സനു നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എസ് മനോജ് കുമാര്‍, റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനനും സംഘവും ചരക്കു വാഹനങ്ങള്‍ തടഞ്ഞു പരിശോധന നടത്തി വരവെ TN-38-BH-9509 ചരക്കു ലോറി കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. വാഹനത്തെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം വാണിയംപാറ യില്‍ വെച്ച് പിടികൂടി.
വാഹനത്തില്‍ മുന്‍ കേസില്‍ ഉള്‍പ്പെട്ട പ്രതിയെ കണ്ട് സംശയം തോന്നിയ എക്‌സൈസ് സംഘം ഡ്രൈവറെ ചോദ്യം ചെയ്തു. പരിശോധന നടത്തിയതില്‍ വാഹനത്തില്‍ കഞ്ചാവിന്റെ മണം അനുഭവപ്പെടുകയും തുടര്‍ന്ന് വാഹനം അഴിച്ചു പരിശോധിക്കുകയും ചെയ്യുകയായിരുന്നു. ചരക്ക് ലോറിയുടെ കാബിനില്‍ ഒളിപ്പിച്ച നിലയിലാണ് 29 ബാഗ് കഞ്ചാവ് പിടികൂടിയത്.
പ്രതികള്‍ ആന്ധ്രായില്‍ നിന്നാണ് കഞ്ചാവ് കയറ്റിയത്. മണ്ണുത്തി എത്തിയാല്‍ ഈ വാഹനത്തിന് മുന്‍പില്‍ പൈലറ്റ് വണ്ടി എത്തുമെന്നും അവര്‍ ഇറക്കേണ്ട സ്ഥലം കാണിച്ചു തരുമെന്നും പ്രതികള്‍ സമ്മതിച്ചതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്റലിജന്‍സ് 375 കിലോ കഞ്ചാവ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. ഡിസംബറില്‍ 23 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് വ്യത്യസ്ത കേസുകളിലായി പിടികൂടിയ 30 കിലോ കഞ്ചാവ് കൊണ്ടു വന്ന പ്രതികള്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു.