സ്വർണവില സർവകാല റെക്കോർഡിൽ; പവന് വില 35,000 കടന്നു
കഴിഞ്ഞ നാല് വ്യാപാര ദിനങ്ങൾക്കിടെ മാത്രം പവന് 1,280 രൂപയുടെയും ഗ്രാമിന് 160 രൂപയുടെയും വർധനവാണു രേഖപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. പവന് വില 35,040 രൂപയിലെത്തി. 240 രൂപയുടെ വർധനവാണ് പവന് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപ കൂടി 4380 ആയി. ശനിയാഴ്ച ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവോടെ വില പവന് 34,800 രൂപയായും ഗ്രാമിന് 4,350 രൂപയായും പുതിയ ഉയരത്തിലെത്തിയിരുന്നു. ഇതാണ് ഇന്നു മറികടന്നത്.
ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണം തിരഞ്ഞെടുക്കുന്നതാണ് വില ഉയരാൻ പ്രധാന കാരണം. കഴിഞ്ഞ നാല് വ്യാപാര ദിനങ്ങൾക്കിടെ മാത്രം പവന് 1,280 രൂപയുടെയും ഗ്രാമിന് 160 രൂപയുടെയും വർധനവാണു രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്ത് വന്നാൽ മാത്രമെ സംസ്ഥാനത്ത് സ്വർണ കടകൾ തുറക്കാന്‍ കഴിയൂ. നിലവിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് സ്വർണം വാങ്ങാൻ കഴിയുക.