സ്വർണക്കടത്ത്: ഭാര്യമാരുടെ മൊഴികള്‍ നിർണായകമായി; കൂടുതല്‍ അറസ്റ്റുകളിലേക്ക് നീങ്ങാന്‍ എന്‍ഐഎ
കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവ് ഹരിരാജിനേയും കസ്റ്റംസ് ചോദ്യംചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
തിരുവനന്തപുരം: സ്വപ്നയും സന്ദീപും പിടിയിലായതോടെ സ്വര്‍ണക്കടത്തു കേസ് അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണ്. നയതന്ത്ര കാര്യാലയം വഴി നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയെന്നതിന്റെ അപ്പുറത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേസിന് വന്‍ റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് മനസിലായത് സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികളില്‍നിന്നായിരുന്നു. ഈ വിഷയത്തില്‍ നിര്‍ണായകമായിരിക്കുന്നതും ഇവരുടെ മൊഴികളാണെന്നാണ് വ്യക്തമാവുന്നത്. അതിനാലാണ് ഇരുവരുടെയും രഹസ്യമൊഴികള്‍ മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തുന്നത്. രണ്ടുപേരുടെയും സുരക്ഷയും ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് ഇയാളെന്നാണ് സൂചന. പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ സരിത്തും ഈ ഓഫിസില്‍ത്തന്നെയാണ് ഉള്ളത്. ഇരുവരെയും പ്രത്യേകമായും ഒന്നിച്ചുനിര്‍ത്തിയും ചോദ്യംചെയ്യും. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാവുമെന്ന് സൂചനയുണ്ട്.
എന്‍ഐഎ പൊടുന്നനെ അന്വേഷണം ഏറ്റെടുത്തതിന് പിന്നിലും സരിത്തിന്റെയും നാലാംപ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ രഹസ്യമൊഴിയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവ് ഹരിരാജിനേയും കസ്റ്റംസ് ചോദ്യംചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിലരുടെ നീക്കങ്ങളും എന്‍ഐഎ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, അന്വേഷണത്തിനായി യുഎഇയിലേക്ക് പ്രത്യേക സംഘത്തെ അയക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ആഭ്യന്തര അന്വേഷണത്തെപ്പറ്റിയും ആലോചന നടക്കുന്നുണ്ട്. സ്വപ്ന സുരേഷുമായി ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്ന പ്രചാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും ഇതില്‍ വകുപ്പുതല അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്തുനല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടി ആലോചിക്കുമെന്ന് ബെഹ്റ അറിയിച്ചു. സ്വപ്നകൂടി ഉള്‍പ്പെട്ട വ്യാജ പീഡനാരോപണം അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.