ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും പ്രതികാര നടപടിയും; 120 കോടിയുടെ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി സംരംഭകന്‍
ജില്ലാ കലക്ടറുടെ അനാവശ്യ പിടിവാശിയാണ് തന്റെ സംരംഭത്തിനു വിനയായതെന്ന് എന്‍ കെ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട്: ഉദ്യോഗസ്ഥരുടെ നിസഹകരണവും പ്രതികാര നടപടിയും കാരണം 120 കോടിയുടെ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി സംരംഭകന്‍. മലബാറില്‍ ഒട്ടേറെ സംരംഭങ്ങള്‍ക്ക് തുടക്കമിട്ട പ്രമുഖ വ്യവസായി എന്‍ കെ മുഹമ്മദാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഗോള്‍ഡന്‍ വില്ലെജ് എന്ന പേരില്‍ ആരംഭിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങുന്നത്.
120 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കാനുദ്ദേശിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം ഒന്നര വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ജില്ലാ കലക്റ്ററുടെ അനാവശ്യ പിടിവാശിയാണ് തന്റെ സംരംഭത്തിനു വിനയായതെന്ന് എന്‍ കെ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊടുവള്ളിയിലെ പാലോറ മലയില്‍ നിര്‍മിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണം എല്ലാ രേഖകളും ഹാജരാക്കി അനുമതി കിട്ടിയ ശേഷമാണ് തുടങ്ങിയത്. 200 പേര്‍ക്ക് പ്രത്യക്ഷമായി തന്നെ ജോലി ലഭിക്കുന്ന സംരംഭത്തോട് നാട്ടുകാര്‍ക്കും താല്‍പര്യമായിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതുമുതല്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള നിസഹകരണം തുടങ്ങി. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് പല കടലാസുകളും വൈകിക്കുന്നതുള്‍പ്പെടെ പ്രതികാര മനോഭാവത്തോടെയുള്ള നടപടികള്‍. ജില്ലാ കലക്ടറുടെ വ്യക്തതയില്ലാത്ത നിലപാടുകളും വിനയായി. നിര്‍മാണ ഘട്ടത്തില്‍ നാട്ടുകാരെല്ലാം പ്രേത്സാഹനം നല്‍കിയതാണ് ഈ പദ്ധതിക്ക്. എന്നാല്‍ ഇടക്കാലത്ത് ചില സ്ഥാപിത താല്‍പര്യക്കാര്‍ രംഗത്തെത്തിയതായി എന്‍ കെ മുഹമ്മദ് ആരോപിച്ചു.
പ്രകൃതിയെ ചൂഷണം ചെയ്താണ് നിര്‍മാണമെന്നും ഇവിടെ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചാല്‍ മലയിടിഞ്ഞ് താഴേക്കു പതിക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ പരാതി. ഇവരുടെ പരാതിയെ തുടര്‍ന്ന പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കി. നിര്‍ത്തിവച്ച പ്രവര്‍ത്തനം വീണ്ടും അനുമതി കിട്ടി തുടങ്ങും അപ്പോഴേക്കും വീണ്ടും സ്‌റ്റോപ്പ് മെമ്മോ നല്‍കും.
കോഴിക്കോട് എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റ് എച്ച് ഒഡി പ്രഫ. മാധവന്‍ പിള്ളയുടെയും ഫാക്കല്‍റ്റി പ്രഫ. പി ജയരാജന്റെയും സമ്മതം വാങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കൊള്ളാനാണ് ഏറ്റവും ഒടുവില്‍ ജില്ലാ കലക്റ്റര്‍ അറിയിച്ചിരിക്കുന്നത്. അതു പ്രകാരം എന്‍ഐടിയിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റ് എച്ച്ഒഡിക്ക് ഞങ്ങള്‍ കണ്‍കറന്‍സ് ആവശ്യപ്പെട്ട് കത്തു നല്‍കിയെങ്കിലും ഇതുവരെയും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഇങ്ങിനെ ആളുകളുടെ പേര്‍ നിര്‍ദ്ദേശിച്ച് അനുമതി വാങ്ങി നിര്‍മാണം തുടര്‍ന്നുകൊള്ളാന്‍ പറയുന്നതില്‍ അസ്വാഭാവികതയുണ്ട്. ദ്രോഹ നടപടികളിലൂടെ എന്റെ പദ്ധതിയുടെ നിര്‍മാണം വൈകിപ്പിക്കാനും തകിടം മറിക്കാനുമുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നതായി എന്‍ കെ മുഹമ്മദ് പറഞ്ഞു.
കോടികള്‍ മുടക്കി സ്വന്തം നാട്ടില്‍ ഒരു സംരഭം തുടങ്ങാന്‍ ആഗ്രഹിച്ചതും അതിനായി ശ്രമിച്ചതുമാണോ ഞാന്‍ ചെയ്ത തെറ്റ്. സംരഭകനെ കൊല്ലാക്കൊല ചെയ്യുന്ന നിലപാട് കേരളത്തില്‍ മാറണം. ഏകജാലക സംവിധായമൊക്കെയൊരുക്കി ഭരണ തലത്തില്‍ സംരഭകര്‍ക്കായി വാതായനങ്ങള്‍ തുറന്നിടുകയാണ് കേരള സര്‍ക്കാര്‍. വിദേശ നിക്ഷേപകരെപ്പോലും മുഖ്യമന്ത്രി ഇങ്ങോട്ട് ക്ഷണിക്കുന്നു. കേരളം നിക്ഷേപ സൗഹൃദമാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ ഉദ്യോഗസ്ഥ ലോബി എല്ലാം തച്ചുടക്കുകയും തടയിടുകയുമാണ്.സര്‍ക്കാരിന്റെ ലക്ഷ്യം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നു. ഇത് തിരിച്ചറിയപ്പെടണം.
73ാം വയസിലും ശേഷിക്കുന്ന ഊര്‍ജ്ജം സംഭരിച്ചാണ് പുതിയ സംരഭത്തിനായി രണ്ടര വര്‍ഷം മുമ്പ് ഞാന്‍ ഇറങ്ങിയത്. എന്നാല്‍ കോടികളുടെ കടബാധ്യതയും ആത്മസംഘര്‍ഷവുമാണ് പകരം ലഭിച്ചത്. രണ്ട് കോടി രൂപ ബാങ്ക് പലിശയിനത്തില്‍ ഇതിനകം നഷ്ടപ്പെട്ടതായും എന്‍ കെ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.