കാസര്‍കോട്ടെ സംഘ്പരിവാര്‍ അതിക്രമങ്ങള്‍ക്കുപിന്നില്‍ ഭരണകൂട വീഴ്ച: സോളിഡാരിറ്റി ചര്‍ച്ച സംഗമം
കാസര്‍കോട്: കാസര്‍കോട് കേന്ദ്രീകരിച്ചുള്ള സംഘ്പരിവാറിന്റെ കലാപശ്രമങ്ങളെ ചെറുക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ച സംഭവിക്കുന്നതായി സോളിഡാരിറ്റി ചര്‍ച്ച സംഗമം. പോലിസ് സംഘ്പരിവാര്‍ അജണ്ടകളുടെ ഉപകരണമാകുന്നുവെന്ന് സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു. റിയാസ് മൗലവി വധവും തുടര്‍ന്നുണ്ടായ കോടതി വിധിയും നീതിബോധമുള്ള മനുഷ്യരുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജില്ലയില്‍ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കാര്യം റിയാസ് മൗലവിയുടെ കേസിലും ആവര്‍ത്തിക്കുകയായിരുന്നു.
സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച 'കാസര്‍കോട്ടെ വംശീയ കൊലപാതകങ്ങളും സംഘ്പരിവാറിന്റെ കലാപ ശ്രമങ്ങളും' ചര്‍ച്ച സംഗമത്തില്‍ പ്രമുഖര്‍ സംബന്ധിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.കെ. അബ്ദുല്‍ അസീസ്, ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം ആര്‍. യൂസുഫ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സജീദ് ഖാലീദ്, അഡ്വ. അമീന്‍ ഹസന്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സഈദ് ഉമര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് യൂസുഫ് ചെമ്പിരിക്ക എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വഗതവും ജില്ലാ പ്രസിഡന്റ് അദ്‌നാന്‍ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.