കിയാലിനെ സര്‍ക്കാര്‍ സിപിഎമ്മിന്റെ കറവപ്പശുവായി മാറ്റുന്നു: സതീശന്‍ പാച്ചേനി
മട്ടന്നൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ സിഎജിയെ അനുവദിക്കാതെ പാര്‍ട്ടിക്ക് ധനസമ്പാദനത്തിനുള്ള കറവപ്പശുവായി കിയാലിനെ മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കിയാലിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ സിഎജിയെ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ എയര്‍പോര്‍ട്ട് കവാടത്തില്‍ ഡിസിസി നടത്തിയ ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യ കമ്പനിയാണെന്നാണ് ഇപ്പോള്‍ കിയാലിന്റെ വാദം. 35 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഷെയറുകള്‍ ഉള്‍പ്പെടെ 84 ശതമാനം ഓഹരികള്‍ പൊതുമേഖലയിലുള്ള ഒരു സ്ഥാപനത്തെയാണ് സ്വകാര്യ കമ്പനിയെന്ന് പറഞ്ഞ് അഴിമതിയും ധൂര്‍ത്തും നടത്താന്‍ അധികൃതര്‍ ഉപയോഗിക്കുന്നത്. സിഎജി പറയുന്നതാണോ പിണറായി വിജയന്‍ ചെയ്യുന്നതാണോ എതാണ് ശരിയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും വ്യക്തമാക്കണം. യുഡിഎഫ് ഭരിച്ചിരുന്ന 2015-16 കാലത്ത് വരെ സിഎജി ഓഡിറ്റ് നടത്തിയപ്പോള്‍ സിപിഎമ്മിന് ലഭിച്ച അനധികൃത നേട്ടങ്ങള്‍ സിഎജി ചൂണ്ടിക്കാണിച്ചതാണ്. ഭരണകൂട പിന്തുണയില്‍ അഴിമതി നടത്താന്‍ കിയാലിനെ ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിമാസം 10 കോടി കടമെന്ന് പറയുമ്പോഴും ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ കോടികള്‍ പൊടിച്ചുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. അഴിമതിയും ധൂര്‍ത്തും നടത്തി എയര്‍പോര്‍ട്ടിനെ കൊള്ളയടിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. കെ പിസിസി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, അഡ്വ. സജീവ് ജോസഫ്, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എഡി മുസ്തഫ, എം നാരായണന്‍ കുട്ടി, സോണി സെബാസ്റ്റ്യന്‍, വി വി പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, ഡോ. കെ വി ഫിലോമിന, കെ സി മുഹമ്മദ് ഫൈസല്‍, ടി വി രവീന്ദ്രന്‍ സംസാരിച്ചു.