'ഇടതുമുന്നണിയെ തകര്‍ക്കാന്‍ എന്നെ കരുവാക്കരുത്'; കാനത്തിന് ഗവര്‍ണറുടെ മറുപടി

Update: 2022-02-19 13:15 GMT

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ഇടതുമുന്നണിയെ തകര്‍ക്കാന്‍ തന്നെ ഉപയോഗിക്കരുതെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. മുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ തന്നെ കരുവാക്കരുത്. സര്‍ക്കാരിനെ താന്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല. താന്‍ രാജിവയ്ക്കണമെന്ന് പറയുന്നവരല്ല തന്നെ നിയമിച്ചത്. താന്‍ ബ്ലാക്ക് മെയില്‍ ചെയ്‌തെങ്കില്‍ അതിന് എന്തിന് കീഴടങ്ങി. കാനം രാജേന്ദ്രന്‍ ഇപ്പോഴും ഭരണമുന്നണിയില്‍ തന്നെയല്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന സംഭവവവികാസങ്ങളില്‍ തനിക്ക് യാതൊരു വിധത്തിലുള്ള മനപ്രയാസവുമില്ല.

താന്‍ ആത്മവിശ്വാസത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരാണ്. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ തനിക്കൊരു കുഴപ്പവുമില്ല. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ സംബന്ധിച്ച ഫയല്‍ താന്‍ വിളിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ഗൗരവമായെടുക്കുന്നു. നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ട്. ഒരുമാസത്തിനകം തീരുമാനമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനെതിരേ നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് കാനം രാജേന്ദ്രന്‍ നടത്തിയത്. ഗവര്‍ണര്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയം പയറ്റുകയാണ്. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നാണ് സിപിഐ നിലപാട്. ആവശ്യമില്ലാത്ത ആര്‍ഭാടമാണ് ഗവര്‍ണര്‍ എന്നും 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

Tags:    

Similar News