ഗ്യാന്‍വാപി, മലബാര്‍ സമരം, മുസ് ലിം ശാക്തീകരണം: തേജസ് ബുക്‌സിന്റെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
തേജസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ കോളമിസ്റ്റ് ഒ അബ്ദുല്ല, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സജീവന്‍, ഡോ. ജമീൽ അഹ്മദ് എന്നിവരാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
മഞ്ചേരി: തേജസ് ബുക്‌സിന്റെ മൂന്നു പുസ്തകങ്ങള്‍ മഞ്ചേരി സഭാഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. പിഎഎം ഹാരിസിന്റെ 'കാശി ഗ്യാന്‍വാപി, മഥുര ഈദ്ഗാഹ് മസ്ജിദ്: വിവാദങ്ങളും വസ്തുതകളും', സി അബ്ദുല്‍ ഹമീദിന്റെ 'ദി സാഗ ഓഫ് മാപ്പിള റിവോള്‍ട്ട്', ഇ എം അബ്ദുറഹ്മാന്‍ രചിച്ച 'മുസ്‌ലിം ശാക്തീകരണം' എന്നിവയാണ് പ്രകാശനം ചെയ്തത്.
തേജസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ കോളമിസ്റ്റ് ഒ അബ്ദുല്ല, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സജീവന്‍, ഡോ. ജമീൽ അഹ്മദ് എന്നിവരാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. എസ് നിസാര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഒ അബ്ദുല്ല, എ സജീവന്‍, നാസറുദ്ദീന്‍ എളമരം, ഡോ. ജമീല്‍ അഹമ്മദ്, തേജസ് ന്യൂസ് എഡിറ്റര്‍ റഫീഖ് കുറ്റിക്കാട്ടൂര്‍, പിഎഎം ഹാരിസ്, സി അബ്ദുല്‍ ഹമീദ്, മുഹമ്മദ് ആസിഫ് ബെൻ മമ്മൂട്ടി, തേജസ് ബുക്‌സ് മാനേജര്‍ വി എ മജീദ് എന്നിവർ സംസാരിച്ചു.
സംഘപരിവാരം ആസൂത്രിത നീക്കങ്ങളിലൂടെ കൈയോറാന്‍ ശ്രമിക്കുന്ന കാശി ഗ്യാന്‍വാപി മസ്ജിദിന്റെയും മഥുര ഈദ്ഗാഹ് മസ്ജിദിന്റെയും ചരിത്രവസ്തുതകള്‍ വിശകലനം ചെയ്യുന്ന പഠനമാണ് പിഎഎം ഹാരിസിന്റെ 'കാശി ഗ്യാന്‍വാപി, മഥുര ഈദ്ഗാഹ് മസ്ജിദ്: വിവാദങ്ങളും വസ്തുതകളും' എന്ന കൃതി.
ദേശീയ തലത്തില്‍ തന്നെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ച് സംഘപരിവാരം മലബാര്‍ സമരത്തെക്കുറിച്ച് പടച്ചുവിടുന്ന നുണക്കഥകള്‍ക്ക് ചരിത്രസത്യങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന കൃതിയാണ് മലബാര്‍സമര ചരിത്രകാരന്‍ സി അബ്ദുല്‍ ഹമീദിന്റെ 'ദി സാഗ ഓഫ് മാപ്പിള റിവോള്‍ട്ട്'. ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ആസിഫ് അലി മമ്മുട്ടിയാണ്. കന്നഡ, തമിഴ്, ഉര്‍ദു, ബംഗ്ലാ ഭാഷകളിലേക്കും ഇത് മൊഴിമാറ്റം ചെയ്യപ്പെടും. ഇ എം അബ്ദുറഹിമാന്‍ രചിച്ച 'മുസ്‌ലിം ശാക്തീകരണം' എന്ന പുസ്തകം ഇന്ത്യന്‍ മുസ്‌ലിംകളുടെ അതിജീവന, ശാക്തീകരണ പദ്ധതികള്‍ അടങ്ങിയതാണ്.