തലശ്ശേരിയിലെ വിദ്വേഷ പ്രകടനം: യുഎപിഎ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
ആര്‍എസ്എസ് നേതൃത്വത്തില്‍ തലശ്ശേരി ടൗണില്‍ സംഘടിപ്പിച്ച റാലിയില്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചെന്ന് റിജില്‍ മാക്കുറ്റി പരാതിയില്‍ പറയുന്നു.
കണ്ണൂര്‍: തലശ്ശേരിയിലെ വിദ്വേഷ പ്രകടനത്തിനെതിരേ യുഎപിഎ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. 2021 ഡിസംബര്‍ 1ന് കെ ടി ജയകൃഷ്ണന്‍ ചരമദിനത്തില്‍ ആര്‍എസ്എസ്-ബിജെപി നടത്തിയ റാലിയിലാണ് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്.
ആര്‍എസ്എസ് നേതൃത്വത്തില്‍ തലശ്ശേരി ടൗണില്‍ സംഘടിപ്പിച്ച റാലിയില്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചെന്ന് റിജില്‍ മാക്കുറ്റി പരാതിയില്‍ പറയുന്നു. മുദ്രാവാക്യത്തിലെ പല വാക്കുകളും വാചകങ്ങളും നമ്മുടെ നാട്ടിലെ മതങ്ങള്‍ തമ്മില്‍ ശത്രുത പടര്‍ത്താന്‍ ഉള്ളതും മതവികാരം വ്രണപ്പെടുത്താന്‍ ഉള്ളതുമാണ്.
അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഒന്നും കാണില്ല, ബാങ്ക് വിളിയിയും കേള്‍ക്കില്ല എന്ന് ഉച്ചത്തില്‍ വിളിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുസ്‌ലിം മതവികാരം ബോധപൂര്‍വം ഉദ്ദശിച്ചിട്ടുള്ളതാണ്. മുസ്‌ലിം മതത്തിലെ ആചാര അനുഷ്ഠാനങ്ങളെ അപമാനിക്കാനുള്ള ബോധപൂര്‍വമായ ഉദ്ദേശം കൂടി പ്രകടനം നടത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. റാലിക്ക് നേതൃത്വം നല്‍കിയ നേതാക്കളുടെ പൂര്‍ണമായ അറിവോടെയും സമ്മതത്തോടെയുമാണ് പ്രകടനക്കാര്‍ പ്രവര്‍ത്തിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ നാട്ടിലെ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്നതിനും മുസ്‌ലിംകളെ അപമാനിക്കുന്നതിനും ഭീതി ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും കലാപാഹ്വാനം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അതിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കുമെതിരേ യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.