കൊവിഡ്: സംസ്ഥാനത്ത് ഇളവുകള്‍ വന്നാലും ജാഗ്രതയില്‍നിന്ന് പിന്നോട്ടുപോവരുതെന്ന് ആരോഗ്യമന്ത്രി
കൊറോണ വൈറസില്‍നിന്നും നമ്മുടേയും കുടുംബത്തിന്റേയും മറ്റുള്ളവരുടേയും സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍നിന്നും ആരും പിന്നോട്ടുപോവാന്‍ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് സൂചിപ്പിച്ചുകഴിഞ്ഞു. പ്രതിരോധവാക്സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ ഓരോരുത്തരും നിര്‍ബന്ധിതരാണ്.
കൂടുതല്‍ മേഖലകളില്‍ ഇളവുവരുന്നതോടെ സമൂഹവുമായി ഇടപെടേണ്ട അവസ്ഥയുണ്ടാക്കുന്നു. കൊറോണ വൈറസില്‍നിന്നും നമ്മുടേയും കുടുംബത്തിന്റേയും മറ്റുള്ളവരുടേയും സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.
മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍നിന്നും അകലം പാലിക്കുകയും ചെയ്യണം. വയോധികര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ വീടുവിട്ട് പുറത്തിറങ്ങാതിരിക്കാനും രോഗ സാധ്യതയുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ എല്ലാവരും പാലിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.