ആകാശമാര്‍ഗമെത്തിച്ച മൂന്നു ഹൃദയങ്ങള്‍ കണ്ടുമുട്ടി;സന്തോഷം പങ്കുവെച്ച് മാത്യുവും സന്ധ്യയും ലീനയും

രണ്ടാഴ്ച്ച മുന്‍പ് ഹെലികോപ്ടറില്‍ എത്തിച്ച ഹൃദയം സ്വീകരിച്ച ലീനയെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശമാര്‍ഗം ലിസി ആശുപത്രിയില്‍ എത്തിച്ച ഹൃദയം സ്വീകരിച്ച മാത്യു അച്ചാടനും സന്ധ്യയും സന്ദര്‍ശിച്ചതാണ് രംഗം.മൂന്ന് പേര്‍ക്കുള്ള ഹൃദയങ്ങളും തിരുവനന്തപുരത്ത് നിന്നായിരുന്നു എന്നത് യാദൃശ്ചികതയാകാം

Update: 2020-05-27 10:35 GMT

കൊച്ചി: ഹൃദയത്തിന്റെ ദുഃഖവും സന്തോഷവുമൊക്കെ ഹൃദയത്തിന് മാത്രമെ അറിയൂ എന്ന് എഴുതപ്പെട്ടത് വെറുതെയല്ല. ചില മുഹൂര്‍ത്തങ്ങളില്‍ ഹൃദയത്തില്‍ സംഭവിക്കുന്നവയെ വിവരിക്കുവാന്‍ വാക്കുകള്‍ക്ക് കഴിയാതെ വരും. പറന്നു വന്ന ഹൃദയങ്ങള്‍ സ്വീകരിച്ച മൂന്ന് മനുഷ്യര്‍ ലിസി ആശുപത്രിയില്‍ കണ്ട് മുട്ടിയ നിമിഷം അത്തരത്തിലൊന്നായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് ഹെലികോപ്ടറില്‍ എത്തിച്ച ഹൃദയം സ്വീകരിച്ച ലീനയെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശമാര്‍ഗം ലിസി ആശുപത്രിയില്‍ എത്തിച്ച ഹൃദയം സ്വീകരിച്ച മാത്യു അച്ചാടനും സന്ധ്യയും സന്ദര്‍ശിച്ചതാണ് രംഗം.മൂന്ന് പേര്‍ക്കുള്ള ഹൃദയങ്ങളും തിരുവനന്തപുരത്ത് നിന്നായിരുന്നു എന്നത് യാദൃശ്ചികതയാകാം. ലീനയില്‍ ഇപ്പോള്‍ ലീനമായിരുന്ന് താളവ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ മിടിക്കുന്നത് ലാലി ടീച്ചറുടെ ഹൃദയമാണ്.

2015 ല്‍ മസ്തിഷ്‌കമരണം സംഭവിച്ച നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം നേവിയുടെ ഡോണിയര്‍ വിമാനത്തില്‍ എത്തിച്ചാണ് ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടനില്‍ വച്ചു പിടിപ്പിച്ചത്.2016 ല്‍ സമാനരീതിയില്‍ എത്തിച്ച വിശാലിന്റെ ഹൃദയമാണ് സന്ധ്യയെ പുതിയ പ്രഭാതങ്ങളിലേക്ക് നയിച്ചത്. സ്വന്തമായി ഓട്ടോ ടാക്സി ഓടിച്ചാണ് മാത്യു ഇപ്പോള്‍ ജീവിക്കുന്നത്. അലങ്കാര മത്സ്യവില്‍പ്പനയിലൂടെയാണ് സന്ധ്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.വര്‍ഷം തോറുമുള്ള തുടര്‍പരിശോധനകള്‍ക്കായാണ് മാത്യുവും, സന്ധ്യയും ലിസി ആശുപത്രിയില്‍ എത്തിയത്. മാത്യുവിന്റെ ഒപ്പം ഭാര്യ ബിന്ദുവും, സന്ധ്യയുടെ ഒപ്പം മകന്‍ നാല് വയസ്സുകാരന്‍ ഗൗതം, ഭര്‍ത്താവ് പ്രമോദ് എന്നിവരും ഉണ്ടായിരുന്നു. അവര്‍ വരുന്നതറിഞ്ഞ് ലീന കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

സാധാരണ ജീവിതം നയിക്കുന്ന മാത്യുവിനെയും സന്ധ്യയെയും കണ്ടപ്പോള്‍ തന്റെ ആത്മവിശ്വാസം വളരെയധികം വര്‍ധിച്ചെന്ന് ലീന പറഞ്ഞു. ലീനയ്ക്കും തങ്ങളെപ്പോലെ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയട്ടെ എന്നാശംസിച്ച് അവര്‍ മടങ്ങുമ്പോള്‍ ലീനയുടെ മുഖത്ത് അതുവരെയില്ലാത്ത ഒരു തെളിച്ചമുണ്ടായിരുന്നു.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിയില്‍ വിശ്രമിക്കുന്ന ലീനയുടെ ആരോഗ്യനില പൂര്‍ണ്ണ തൃിപ്തികരമാണെന്നും വൈകാതെ തന്നെ ആശുപത്രി വിടാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടനും ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. 

Tags:    

Similar News