കാനം രാജേന്ദ്രന് എതിരേ എറണാകുളം ജില്ലാ സമ്മേളന പ്രവർത്തന റിപോർട്ട്
കൊച്ചി ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പാര്‍ട്ടി കൈക്കൊണ്ട നിലപാടില്‍ കാനത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നു.
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ എറണാകുളം ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം. കൊച്ചി ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പാര്‍ട്ടി കൈക്കൊണ്ട നിലപാടില്‍ കാനത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നു. എറണാകുളം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണ് വിമര്‍ശനം.
ഡിഐജി ഓഫിസ് മാര്‍ച്ചിന് നേര്‍ക്കുണ്ടായ ലാത്തിച്ചാര്‍ജ് ബോധപൂര്‍വം ഉണ്ടാക്കിയതാണെന്ന് ആരോപിച്ച് എറണാകുളത്ത് നിന്നുള്ള രണ്ട് പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇത്തരത്തില്‍ പരാതി നല്‍കിയത് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ആകെ അപമാനിക്കുന്നതിന് തുല്യമായിരുന്നെന്നാണ് സമ്മേളന റിപോര്‍ട്ടിലെ വിമര്‍ശനം. എന്തിനാണ് പരാതി നല്‍കിയതെന്ന് ഈ പരാതിക്കാര്‍ക്ക് അറിയില്ലെന്നും ജില്ലാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
ഈ പരാതിയും അതിന് കാനം നല്‍കിയ മറുപടിയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ജില്ലയിലെ കാനം പക്ഷത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. കെ വി തോമസിന്റെ വരവിനെയും സിപിഐ വിമര്‍ശിക്കുന്നുണ്ട്. തോമസിന്റെ വരവ് ഗുണം ചെയ്തില്ല, വിപരീതഫലമുണ്ടാക്കിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.