എറണാകുളം നഗരത്തിലെ വെള്ളക്കെട്ട്: കൊച്ചി കോര്‍പറേഷന്‍ പിരിച്ചു വിടണമെന്ന് ഹൈക്കോടതി
കേരള മുനിസിപ്പാലിറ്റി ആക്ട് 64 പ്രകാരം കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ സര്‍ക്കാര്‍ പിരിച്ചു വിടാത്തതെന്താണെന്നു കോടതി ചോദിച്ചു. നാളെ അഡ്വക്കേറ്റ് ജനറല്‍ ഹാജരാകാനും നിര്‍ദ്ദേശിച്ച. നഗരത്തിലെ പേരണ്ടൂര്‍ കനാല്‍ ശുചീകരണവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറിയായ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി നഗരം വെള്ളത്തില്‍ മുങ്ങിയ സ്ഥിതി വിശദീകരിച്ചതിനു പിന്നാലെയാണ് കൊച്ചി കോര്‍പ്പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്
കൊച്ചി : എറണാകുളം നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.വെള്ളക്കെട്ട് പരിഹരിക്കാത്തത് കോര്‍പറേഷന്റെ കഴിവുകേടാണെന്നും കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ട് 64 പ്രകാരം കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ സര്‍ക്കാര്‍ പിരിച്ചു വിടാത്തതെന്താണെന്നു കോടതി ചോദിച്ചു. നാളെ അഡ്വക്കേറ്റ് ജനറല്‍ ഹാജരാകാനും നിര്‍ദ്ദേശിച്ച. നഗരത്തിലെ പേരണ്ടൂര്‍ കനാല്‍ ശുചീകരണവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറിയായ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി നഗരം വെള്ളത്തില്‍ മുങ്ങിയ സ്ഥിതി വിശദീകരിച്ചതിനു പിന്നാലെയാണ് കൊച്ചി കോര്‍പ്പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.
കോര്‍പറേഷന്‍ കൗണ്‍സില്‍ പിരിച്ചു വിടാന്‍ മറ്റൊരു കേസില്‍ മറ്റൊരു ബെഞ്ചും പറഞ്ഞിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. നഗരസഭ കഴിവുകെട്ടതാണെങ്കില്‍ സര്‍ക്കാര്‍ ഇടപെടുകയാണ് വേണ്ടത്. നഗരം നശിക്കുന്ന സ്ഥിതിയായിട്ടും ജനങ്ങള്‍ എന്തുകൊണ്ടാണ് ഇതിനെതിരെ മുന്നോട്ടു വരാത്തത്. ജനങ്ങള്‍ ഇടപെടാത്തതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നത്. കോര്‍പറേഷന്‍ കൗണ്‍സില്‍ കൊണ്ട് എന്തു പ്രയോജനമാണുള്ളതെന്നും കോടതി ചോദിച്ചു.
കലൂരിലെ കെഎസ്ഇബി സബ് സ്റ്റേഷന്‍ വര്‍ഷം തോറും വെള്ളത്തില്‍ മുങ്ങുന്നു. ഇങ്ങനെ എല്ലാ വര്‍ഷവും സബ് സ്റ്റേഷന്‍ മുങ്ങണമെന്നാണോ. ഇക്കാര്യത്തില്‍ കെഎസ്ഇബിയുടെ അഭിഭാഷകന്‍ വിശദീകരണം നല്‍കണന്നെും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.കഴിഞ്ഞ പ്രളയത്തില്‍ നിന്ന് ഒന്നും പഠിച്ചില്ല. മഴ പെയ്തു തോര്‍ന്നിട്ടും കുറേ ആളുകള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. ഇതു പ്രളയമല്ല, മഴയാണ്. ഇക്കണക്കിന് പ്രളയമുണ്ടായാല്‍ എന്തു ചെയ്യും. പാവങ്ങള്‍ വെള്ളക്കെട്ടില്‍ തന്നെ ജീവിക്കേണ്ടി വരും. കൊച്ചി നഗരത്തെ സിംഗപ്പൂരൊന്നും ആക്കേണ്ട കൊച്ചിയാക്കിയാല്‍ മതി. പാവപ്പെട്ടവരെ മറക്കരുതെന്നും കോടതി പറഞ്ഞു.കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.