ലൈംഗീക പീഡനക്കേസ് : വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
ഹരജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ കോടതി മാറ്റി
കൊച്ചി: ലൈംഗീക പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് തനിക്കെതികരായ പരാതിക്ക് കാരണമെന്ന് വിജയ് ബാബു ഹൈക്കോതിയില്‍ നല്‍കിയ മുന്‍കൂര്‍ ഹരജിയില്‍ പറയുന്നു. തന്നെ സമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടുന്നതിനുവേണ്ടിയാണ് കേസ് നല്‍കിയിരിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും വിജയ് ബാബു ഹരജിയില്‍ ആവശ്യപ്പെട്ടു.
സമൂഹത്തിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ മീ ടു ആരോപണങ്ങളില്‍ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും വിജയ് ബാബു ഹരജിയില്‍ ആരോപിച്ചു. താന്‍ ഏതെങ്കിലും തരത്തില്‍ ബലാല്‍ക്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. സംഭവത്തിന്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണ സംഘത്തേയും ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും വിജയ് ബാബു ഹരജിയില്‍ വ്യക്തമാക്കി. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍, മെസേജുകള്‍, വീഡിയോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വിജയ് ബാബു ഹരജിയില്‍ പറയുന്നു.
അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പോലിസ് കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്നും ഹരജിയില്‍ വിജയ് ബാബു വ്യക്തമാക്കി. എന്നാല്‍ ഹരജിക്കാരന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ചോദ്യം ചെയ്യല്‍ അനിവാര്യമായ കേസാണെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ കോടതി മാറ്റി.