താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Update: 2023-09-08 07:34 GMT

കൊച്ചി: താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഏറ്റവും വേഗം ആരംഭിക്കാനാണ് നിര്‍ദ്ദേശം. തിങ്കളാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കേസ് ഫയല്‍ കൈമാറണം. സിബിഐ ഓഫീസര്‍മാര്‍ക്ക് പോലിസ് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കേസിലെ നിര്‍ണായക നിമിഷങ്ങളാണ് കടന്നു പോകുന്നതെന്നും അതിവേഗം സിബിഐ കേസ് ഏറ്റെടുക്കണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് അട്ടിമറിക്കാനാണ് മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ ശ്രമമെന്നാണ് ഹാരിസ് ജിഫ്രിയുടെ ഹര്‍ജിയിലെ പ്രധാന ആക്ഷേപം. കൊലപാതകം നടത്തിയ പോലിസുകാരെ മലപ്പുറം എസ്പി സംരക്ഷിക്കുന്നുവെന്നും കേസിലെ സാക്ഷികളെ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കുന്നുവെന്നും ഹര്‍ജിയില്‍ ഹാരിസ് പറയുന്നു.

അന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നത് നിരവധി കേസുകള്‍ ഉള്ളതിനാലാണെന്നാണ് സിബിഐയുടെ പൊതുന്യായീകരണം. ഉന്നത പോലിസുകാര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത്.ഓഗസ്റ്റ് 9നാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.



എന്നാല്‍ ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പോലിസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയായിരുന്നു താനൂര്‍ പോലിസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെടുന്നത്.




Tags:    

Similar News