സംസ്ഥാനത്തെ സ്‌കൂളുകളിലെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ സമയബന്ധിതമായി നീക്കം ചെയ്യണമെന്നു ഹൈക്കോടതി

ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ നിരോധിക്കുന്നതിനു നടപടി സ്വീകരിക്കാത്തതു സംബന്ധിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. ക്ലാസ് മുറികളുടെ മേല്‍ക്കൂര എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചു എന്തുകൊണ്ടു ചട്ടങ്ങള്‍ കൊണ്ടു വന്നു വ്യക്തത വരുത്തിയില്ലെന്നതു സംബന്ധിച്ചു വിശദീകരിക്കണമെന്നും സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചു

Update: 2019-09-05 04:50 GMT

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിലെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ സമയബന്ധിതമായി നീക്കം ചെയ്യണമെന്നു ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റുകളുള്ള മേല്‍ക്കൂരകള്‍ നീക്കം ചെയ്യുന്നതിനു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു കൈപ്പമംഗലം എഎംയുപി സ്‌കൂള്‍ മാനേജര്‍ വി സി പ്രവീണ്‍ സമര്‍പ്പിച്ച ഹരജിയിലാണ് ആസ്ബസ്റ്റോസുകള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നു സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഹൈക്കോതി നിര്‍ദ്ദേശം നല്‍കിയത്.

കേസിലെ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് എഡ്യുക്കേഷന്‍ ഓഫിസര്‍ എന്നിവര്‍ക്കു നല്‍കിയ അപേക്ഷകള്‍ നിരസിച്ചതിനെ തുടര്‍ന്നു ഹരജിക്കാരന്‍ അഭിഭാഷകരായ വി എ മുഹമ്മദ്, എം സജ്ജാദ്, വി രാജശേഖരന്‍ നായര്‍ എന്നിവര്‍ മുഖേന നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ നിരോധിക്കുന്നതിനു നടപടി സ്വീകരിക്കാത്തതു സംബന്ധിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. ക്ലാസ് മുറികളുടെ മേല്‍ക്കൂര എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചു എന്തുകൊണ്ടു ചട്ടങ്ങള്‍ കൊണ്ടു വന്നു വ്യക്തത വരുത്തിയില്ലെന്നതു സംബന്ധിച്ചു വിശദീകരിക്കണമെന്നും സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചു. ഹരജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും. 

Tags:    

Similar News