ഫണ്ട് ക്രമക്കേട്: വെള്ളാപ്പള്ളി നടേശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി
എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലിരുന്നു കോളജുകളിലെയും സ്‌കൂളുകളിലെയും അധ്യാപക നിയമനത്തിനും പ്രവേശനത്തിനുമായി വാങ്ങിയെടുത്ത പണം സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തൃശൂര്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിജിലന്‍സ് ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തുറവൂര്‍ സ്വദേശി സി പി വിജയന്‍ 2013ല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്
കൊച്ചി: എസ്എന്‍ഡിപി യോഗം ഫണ്ട് ക്രമക്കേട് ആരോപണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലിരുന്നു കോളജുകളിലെയും സ്‌കൂളുകളിലെയും അധ്യാപക നിയമനത്തിനും പ്രവേശനത്തിനുമായി വാങ്ങിയെടുത്ത പണം സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തൃശൂര്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിജിലന്‍സ് ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തുറവൂര്‍ സ്വദേശി സി പി വിജയന്‍ 2013ല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ചു ആദായ നികുതി നല്‍കാതെ മകന്റെയും മകളുടെയും വിദേശത്തുള്ള കച്ചവടങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും ഇതേ കുറിച്ചു അന്വേഷണം വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇതേ ആരോപണം നേരെത്തെ വിജിലന്‍സ് അന്വേഷിച്ചതാണെന്നും ക്രമക്കേട് കണ്ടെത്തിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കമ്പനി ലോ ബോര്‍ഡിലും കൊല്ലം സബ് കോടതിയിലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചു സമര്‍പ്പിച്ചിരുന്നു പല ഹരജികളും തള്ളിയിട്ടുണ്ടെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹരജി തള്ളിയത്.