കൊവിഷീല്‍ഡ് വാക്‌സിന്‍:രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ ഇളവ്;പണം മുടക്കി എടുക്കുന്നവര്‍ക്ക് 28 ദിവസത്തിനു ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി
പണം മുടക്കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ 28 ദിവസത്തെ ഇടവേളയക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നും ഇതനുസരിച്ച് കൊവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഇളവ് ബാധകമല്ല
കൊച്ചി: കൊവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ ഇളവ് നല്‍കി ഹൈക്കോടതി. പണം മുടക്കി രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് ഹൈക്കോടതി.കിറ്റെക്‌സ് കമ്പനി നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പണം മുടക്കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ 28 ദിവസത്തെ ഇടവേളയക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നും ഇതനുസരിച്ച് കൊവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഇളവ് ബാധകമല്ലെന്നും ഹൈക്കോടതി പറഞ്ഞു.
വിദേശത്തേയ്ക്ക് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഇളവ് നല്‍കുന്ന സാഹചര്യത്തില്‍ പണം മുടക്കി വാക്‌സിന്‍ എടുക്കുന്ന താല്‍പര്യമുളളവര്‍ക്ക് 84 ദിവസത്തെ ഇടവേള ബാധകമാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.ഇവര്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് നാലാഴ്ചയ്ക്കു ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഈ ഇളവ് ബാധമകല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ ഹരജിയില്‍ വാദം നടക്കുന്നതിനിടയില്‍ വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ 84 ദിവസത്തെ ഇടവേള നിശ്ചയിക്കാന്‍ കാരണമെന്താണെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഫലപ്രാപ്തിയടിസ്ഥാനത്തിലാണോ അതോ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്നാണോയെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് രണ്ടാം ഡോസിന് ഇടവേള നിശ്ചയിച്ചതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
വിദഗ്ദ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഇടവേള നിശ്ചയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിദേശത്തേയ്ക്ക് പോകുന്നവര്‍ക്ക് 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് സ്വീകരിക്കാന്‍ അനുമതിയുണ്ടല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.ഇതും വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നായിരുന്നു സര്‍ക്കാര്‍ മറുപടി.ഇതെല്ലാം വിലയിരുത്തിയാണ് കോടതി ഇപ്പോള്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.