ഒമ്പത് ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പ്രഫഷനല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.

Update: 2019-08-15 12:49 GMT

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയം ദുരിതംവിതച്ച കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, വയനാട്, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പ്രഫഷനല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.

മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ പി ബി നൂഹ് അവധി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയില്‍ പ്രളയദുരിതം കാരണം വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമുള്ളതിനാലും ദുരിതാശ്വാസ ക്യാംപുകളും കലക്ഷന്‍ സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നതിനാലും നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ പ്രഫഷനല്‍ കോളജ്, കേന്ദ്രീയവിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള (അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പടെയുളള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മറ്റ് താലൂക്കുകളിലെ ക്യാംപുകളായും കലക്ഷന്‍ സെന്ററായും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

തൃശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രം ജില്ലാ കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News