മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് നടുറോഡിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്
ഇന്ന് പകൽ 11 മണിയോടെയാണ് സുമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയിൽ എത്തിയ ശ്രീനാഥ് ഇവിടെ വെച്ച് സുമയെ മർദ്ദിക്കുകയായിരുന്നു.
കൊല്ലം: മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് പട്ടാപ്പകൽ നഗര മധ്യത്തിൽ വെച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. കൊല്ലം പരവൂരിലാണ് സംഭവം. കലയ്‌ക്കോട് ആലുംമൂട്ടിൽ കിഴക്കതിൽ സുമയ്ക്ക് (31) കൈയ്ക്കും കാലിനും പരിക്കേറ്റു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുമയുടെ ഭർത്താവ് കോട്ടപ്പുറം കാരുണ്യത്തിൽ ശ്രീനാഥി (37)നെ പോലിസ് അറസ്റ്റ് ചെയ്തു.
ഇന്ന് പകൽ 11 മണിയോടെയാണ് സുമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയിൽ എത്തിയ ശ്രീനാഥ് ഇവിടെ വെച്ച് സുമയെ മർദ്ദിക്കുകയായിരുന്നു. പിന്നീട് കടയിൽ നിന്ന് സുമയെ പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡിൽ കൊണ്ടുവന്ന ശേഷവും മർദ്ദിച്ചു. പട്ടാപ്പകൽ നഗരമധ്യത്തിൽ ജനക്കൂട്ടം നോക്കി നിൽക്കെയാണ് യുവതിക്ക് അതിക്രൂരമായ മർദ്ദനമേറ്റത്. ശ്രീനാഥ് സുമയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു. കടയിൽ നിന്ന് റോഡിലേക്കും അവിടെ നിന്ന് തൊട്ടടുത്ത കടത്തിണ്ണയിലുംവെച്ച് ക്രൂരമായി മർദ്ദിച്ചു.
സുമയുടെ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചും തല റോഡിൽ ഇടിപ്പിച്ചുമാണ് ശ്രീനാഥ് മർദ്ദിച്ചത്. തടയാൻ ശ്രമിച്ച നാട്ടുകാരോടും ശ്രീനാഥ് കയർത്തു സംസാരിച്ചു. സുമയ്‌ക്കൊപ്പം ഉണ്ടായിരുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും സുമയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ശേഷം ശ്രീനാഥ് റോഡിലൂടെ പോയ വാഹനങ്ങൾ തടഞ്ഞു നിർത്തി. വാഹനങ്ങളിൽ തലകൊണ്ട് ഇടിക്കുകയും മറ്റും ചെയ്തതോടെ ഏറെ നേരം നഗരത്തിൽ ഗതാഗത തടസവും അനുഭവപ്പെട്ടു.
ശ്രീനാഥിനെ അനുനയിപ്പിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ കൊണ്ടുപോയി. ഗാർഹിക പീഠനം, വധശ്രമം അടക്കം ശ്രീനാഥിനെതിരെ ഏഴോളം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.