മണിയന്‍ എന്ന ഗോപന്റെ കല്ലറ ഇന്ന് തുറക്കും; പ്രദേശത്ത് കനത്ത പോലിസ് കാവല്‍, രാത്രിയും പുലര്‍ച്ചയും പൂജ നടത്തി മക്കള്‍
നെയ്യാറ്റിന്‍കര: മണിയന്‍ എന്ന ഗോപനെ ഭാര്യയും മക്കളും 'സമാധി' ഇരുത്തിയെന്ന സംഭവത്തിലെ കല്ലറ ഉടന്‍ തുറക്കും. പുലര്‍ച്ചെതന്നെ വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് എത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടമാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രണ്ട് ഡിവൈഎസ്പിമാരാണ് പോലിസ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ പത്തുമണിയോടെ ആര്‍ഡിഒ എത്തിയതിന് ശേഷം കല്ലറ തുറക്കുമെന്നാണ് സൂചന. കല്ലറയ്ക്ക് അകത്ത് മൃതദേഹം ഉണ്ടെങ്കില്‍ അതുപരിശോധിക്കാനുള്ള ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും എത്തിയിട്ടുണ്ട്. പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം തടഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയും മണിയന്റെ മക്കള്‍ പൂജ നടത്തിയിരുന്നു.